ചക്കിട്ടപാറ: ആർഎസ്എസ് പഠന ശിബിരത്തിനായി ഇഎംഎസിന്റെ നാമധേയത്വത്തിലുള്ള ചക്കിട്ടപാറയിലെ സ്റ്റേഡിയം പത്തു ദിവസത്തേക്കു വിട്ടു കൊടുത്ത നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസുകാർ ഇന്നലെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കു മാർച്ചു നടത്തി. ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
അർജുന അവാർഡ് ജേതാവായ ജിൻസൺ ജോൺസൻ, അന്തർ ദേശീയ കായിക താരങ്ങളായ നയന ജയിംസ്, ജിബിൻ സെബാസ്റ്റ്യൻ, ടി.ജെ അമൽ അടക്കം ചക്കിട്ടപാറയിലെ നൂറ് കണക്കിനു കായിക പ്രതിഭകൾ പരിശീലനം നടത്തുന്ന കളിയിടമാണു ചക്കിട്ടപാറ സ്റ്റേഡിയം. കോച്ച് കെ.എം പീറ്ററിന്റെ നേതൃത്വത്തിൽ ദിനവും ഇവിടെ കായികപരിശീലനം നടക്കുന്നുണ്ട്.
ആർഎസ്എസിനു കളിക്കളം വിട്ടു നൽകിയതോടെ പരിശീലനത്തിനായി നടുറോഡിനെ ആശ്രയിക്കേണ്ട ഗതികേട് ഈ ദിവസങ്ങളിൽ ജിൻസനും ജിബിനുമടക്കമുള്ള നാട്ടിലെത്തിയ കായിക പ്രതിഭകൾക്കുണ്ടായതായി ടി.സിദ്ദിഖ് ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭരണം നടക്കുന്ന ഗ്രാമപഞ്ചായത്താണു ചക്കിട്ടപാറ. ആർഎസ്എസിനെയും ബിജെപിയെയും ശക്തമായി എതിർക്കുന്ന സിപിഎമ്മിന്റെ ഇരട്ട മുഖവും ഓപ്പൺ ഹിന്ദു മൃദു സമീപനവുമാണു ചക്കിട്ടപാറയിൽ ദർശിക്കാൻ കഴിയുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതിനു മറുപടി പറയണം. കളിക്കളം ആർഎസ്എസിനു നൽകി അന്തർദേശീയ കായിക താരങ്ങൾക്കടക്കം റോഡിൽ പരിശീലനം നടത്തേണ്ടുന്ന ഗതികേടുണ്ടാക്കിയ സിപിഎം വിദ്യാർത്ഥികളടക്കമുള്ള കായിക പ്രതിഭകളോട് പരസ്യമായി മാപ്പു പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
നൽകിയ അനുവാദം പിൻവലിച്ചു കളിസ്ഥലം പൂർവ സ്ഥിതിയിലാക്കാൻ ഗ്രാമപഞ്ചായത്ത് സത്വര നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിനു കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. മണ്ഡലം പ്രസിഡന്റ് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറിമാരായ പി.വാസു, സത്യൻ കടിയങ്ങാട് നേതാക്കളായ രാജൻ മരുതേരി, കെ.എ ജോസ് കുട്ടി, പ്രകാശ് മുള്ളൻ കുഴി, എസ്.സുനന്ദ്, രാജേഷ് തറവട്ടത്ത്, ജോസ് പുളിന്താനം, സുഭാഷ് തോമസ്, ഷൈല ജയിംസ്, സെമിലി സുനിൽ, ഷീന റോബിൻ, ജോസ് കാരിവേലി, എം.അശോകൻ, തോമസ് ആനത്താനം, ഗിരിജ നരിനട, എസ്. ഭവിന്ദ്, ജസ്റ്റിൻ രാജ് എന്നിവർ പ്രസംഗിച്ചു.
ചക്കിട്ടപാറ ടൗണിൽ നിന്നാരംഭിച്ച മാർച്ചിനു ബാലകൃഷ്ണൻ നടേരി, എടത്തിൽ സത്യൻ, വി.കെ മിനി അണ്ണക്കുട്ടൻ ചാൽ, ജോയി മാത്യു, ജയിൻ ജോൺ മുളങ്കോത്ര, റീജ സുരേഷ്, ബേബി മുക്കത്ത്, വി.ജി രാജപ്പൻ, അന്തോനി മുതുകാട്, മുഹമ്മദ് ഷെരീഫ്തുടങ്ങിയവർ നേതൃത്വം നൽകി.