പത്തനംതിട്ട: നിയന്ത്രണങ്ങള്‍ മറികടന്ന് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നടത്തുന്ന ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ പൊറുതിമുട്ടിയ നാട്ടുകാര്‍ രംഗത്ത്. ഏനാദിമംഗലം ഗ്രാമപഞ്ചാത്തിലെ കണ്ണങ്കര പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ത്തനമാണ് പട്ടിക ജാതിക്കാർ അടക്കമുള്ള കോളനിവാസികളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിനെതിരെ കഴിഞ്ഞ 60 ദിവസമായി തുടരുന്ന നാട്ടുകാരുടെ സമരം ജില്ലാ ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്.
പ്രദേശവാസികളുടെ പരാതിയില്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കോളനിയില്‍ 40 വീടുകള്‍ സ്ഥിതി ചെയ്യുന്നതായും ഇതില്‍ ആറ് വീടുകള്‍ ഭിത്തി പൊട്ടി തകര്‍ന്നു വീഴാവുന്ന നിലയിലാണെന്നും സാക്ഷ്യപ്പെടുത്തി. പാറമട സ്ഥിതി ചെയ്യുന്നത് വീടുകള്‍ നില്ക്കുന്ന സ്ഥലത്തു നിന്നും ഉയരത്തിലാണെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാറമടയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഒലിച്ചിറങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.മഠത്തനാശേരി കരുണാകരന്, മഠത്തനാശേരി കറുത്ത കുഞ്ഞ്, സനില്‍ ഭവനില്‍ സരസമ്മ, ലജേഷ് ഭവനില്‍ ഗോപാലന്, സിന്ധു ഭവനില്‍ രാധ, ചരുവിളയില്‍ രമണി, ഗീതാ ഭവനില്‍ ഹീത, പ്ലാമൂട്ടില്‍ ശശി, നന്ദുഭവനില്‍ ഓമനകുട്ടന്‍, പ്ലാമൂട്ടില്‍ കറുത്ത കുഞ്ഞ് എന്നിവരുടെ വീടുകള്‍ക്കാണ് സാരമായി കേടുപാടുകള്‍ സംഭവിച്ചതെന്ന് അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ പ്രദേശം സന്ദര്‍ശിച്ച് കോളനിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വിജയന് മാമ്മൂട്, സെക്രട്ടറി മോഹനന് അമ്പനാട്, ജില്ലാ സെക്രട്ടറി രാമചന്ദ്രന് എന്നിവര്‍ ആവശ്യപ്പെട്ടു.