സ്വന്തം ലേഖകൻ
തൃശൂർ: ഏനാമ്മാവ് വളയംകെട്ട് ബണ്ട് പൊളിച്ചുനീക്കുന്ന പണികൾ തുടങ്ങി. മണ്ണ് ഒഴുകിപ്പോകാതിരിക്കാൻ സ്ഥാപിച്ച കുറ്റികൾ ജെസിബിയുടെ സഹായത്തോടെ പിഴുതെടുക്കുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്.
കാലാവർഷത്തിനു മുന്പേ എനാമാക്കൽ വളയംകെട്ട് ബണ്ട് പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തൃശൂർ നഗരം അടക്കമുള്ള ഒട്ടേറെ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ ബണ്ട് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയിലാണ് ബണ്ടു പൊളിക്കാൻ ജില്ലാ കളക്ടർക്കു നിർദേശം നൽതിയത്.
കഴിഞ്ഞ രണ്ടു വർഷവും വെള്ളപ്പൊക്കമുണ്ടായശേഷമാണ് പൊളിച്ചത്. ഇത്തവണ മഴ തുടങ്ങുന്നതിനുമുന്പേ പൊളിച്ച് നീരൊഴുക്കു സുഗമമാക്കണമെന്ന് കഴിഞ്ഞദിവസം രാഷ്ട്രദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോടികൾ ചെലവിട്ടു നിർമിച്ച ഏനാമ്മാവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ റെഗുലേറ്ററുകളും ഷട്ടറുകളും തകരാറിലാണ്.
ഇവ നന്നാക്കാൻ ഏഴേകാൽ കോടി രൂപ അനുവദിച്ചിട്ടും പണി നടത്തിയിട്ടില്ല. ഏനാമ്മാവ് റെഗുലേറ്റർ കം ബ്രിഡ്ജിലെ റെഗുലേറ്ററിന്േറയും ഷട്ടറുകളുടേയും അറ്റകുറ്റപ്പണി ഉടനേ നടത്തണമെന്നും അഡ്വ. ഷാജി നൽകിയ ഹർജി പരിഗണിച്ച കോടതി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണി പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ടു നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ ശനിയാഴ്ച കളക്ടറേറ്റിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് വളയംകെട്ട് ബണ്ട് പൊട്ടിക്കാൻ തീരുമാനിച്ചത്. മാനദണ്ഡപ്രകാരം ബണ്ടിന്റെ നടുഭാഗമാണ് പൊട്ടിക്കുന്നത്. ബണ്ട് നിർമ്മാണത്തിന് ഉപയോഗിച്ച മുളയും കുറ്റികളും മണ്ണും നീക്കം ചെയ്യുന്ന ജോലിയാണ് ആദ്യം പൂർത്തിയാക്കുന്നത്.
അരിന്പൂർ, ചാഴൂർ, നെടുപുഴ, താന്ന്യം തുടങ്ങിയ പ്രദേശങ്ങളിലും വെളളക്കെട്ട് ഒഴിവാക്കാൻ ഇതിലൂടെ കഴിയും. കോൾ പാടങ്ങളിലെ ജലനിരപ്പ് മതിയായ തോതിൽ ഉറപ്പുവരുത്തിയിട്ടുളളതിനാൽ ഇപ്പോൾ ബണ്ട് പൊട്ടിച്ചാലും ഉപ്പ് വെളളം കയറില്ലെന്ന് ജലസേചന വകുപ്പ് വിലയിരുത്തുന്നു.