സ്വന്തം ലേഖകൻ
തൃശൂർ: പതിനഞ്ചു ഷട്ടറുകളും തകരാറിലായ ഏനാമ്മാവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ അറ്റുകറ്റപ്പണി ഇത്തവണയും ഇല്ല. ഷട്ടറുകൾ നന്നാക്കാൻ അനുവദിച്ച ഏഴുകോടി രൂപ ഏട്ടിലെ പശുവായി. ഭരണാനുമതി ലഭിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജലസേചന വകുപ്പിനു കഴിഞ്ഞില്ല. ഈ മഴക്കാലത്തിനു മുന്പു പണികൾ നടത്താനാവില്ല.
ഏനാമ്മാവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തകരാറിലായിട്ടു വർഷങ്ങളായി. മൂന്നു ഷട്ടറുകൾ തുറക്കാനും അടയ്ക്കാനുമാവില്ല. എല്ലാ ഷട്ടറുകൾക്കും ഇടയിലെ വിടവുകളിലൂടെ വെള്ളം ധാരാളമായി ഇരുവശത്തേക്കും ഒഴുകും. ഈ ദുരവസ്ഥ ഒഴിവാക്കാൻ ഷട്ടറുകൾ നവീകരിക്കാൻ കഴിഞ്ഞ വർഷക്കാലത്തുതന്നെ തീരുമാനിച്ചതായിരുന്നു.
കായലിൽനിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനും വർഷക്കാലത്ത് അമിതമായി ലഭിക്കുന്ന വെള്ളം കായലിലേക്ക് ഒഴുക്കിക്കളയാനുമാണ് കോടികൾ ചെലവിട്ടു വർഷങ്ങൾക്കു മുന്പു ഏനാമ്മാവ് റെഗുലേറ്റർ നിർമിച്ചത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമൂലം വർഷങ്ങളായി റെഗുലേറ്ററും ഷട്ടറുകളും നോക്കുകുത്തിയായി.
നീരൊഴുക്കു നിയന്ത്രിക്കാൻ നർമിച്ച ഏനാമ്മാവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഇപ്പോൾ പാലവും റോഡും മാത്രമായി മാറിയിരിക്കുകയാണ്. റെഗുലേറ്ററിന്റെ ഷട്ടറുകൾ തകരാറിലായതിനാൽ കായലിൽനിന്നു കരഭൂമിയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ റെഗുലേറ്റർ കം ബ്രിഡ്ജിനു സമാന്തരമായി എല്ലാ വർഷവും മണ്ണുകൊണ്ടു ബണ്ടു നിർമിക്കുകയാണ്.
വളയംകെട്ട് എന്ന പേരിൽ നിർമിക്കുന്ന മണ്ണുബണ്ടിനായി വർഷംതോറും 40 ലക്ഷം രൂപയാണു ചെലവാക്കുന്നത്. പ്രദേശത്തെ ജലനിരപ്പു കുറയാതെ നിലനിർത്തുന്നതും ഈ മണ്ണു ബണ്ടാണ്.
ഡിസംബർ മാസത്തോടെ നിർമിക്കുന്ന ബണ്ട് മഴക്കാലം ആരംഭിക്കുന്നതോടെ പൊളിച്ചുനീക്കും. ബണ്ട് പൊളിച്ചില്ലെങ്കിൽ തൃശൂർ നഗരം അടക്കമുള്ള പ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങും.
കഴിഞ്ഞ രണ്ടുവർഷവും ഓഗസ്റ്റ് മാസത്തിലെ പ്രളയദിവസങ്ങളിലാണ് ബണ്ട് പൊളിച്ചത്. അപ്പോഴേക്കും ബണ്ട് വെള്ളത്തിനടിയിലായിരുന്നു. ബണ്ട് വെള്ളത്തിൽ മുങ്ങിപ്പോകുന്നതിനു മുന്പ് പൊളിച്ചുനീക്കിയാൽ നീരൊഴുക്കു സുഗമമാകും, മണ്ണു സംരക്ഷിക്കാനുമാകും. എന്നാൽ അതിന് അധികൃതർ നടപടിയെടുക്കാറില്ല.
എല്ലാ വർഷവും 40 ലക്ഷം രൂപയുടെ മണ്ണു ബണ്ട് നിർമിക്കാനാണ് ഒരു വിഭാഗം അധികാരികൾക്കു താത്പര്യം. വർഷംതോറുമുള്ള ബണ്ടുകെട്ടലിലും മണ്ണ് ഇടപാടിലും ചിലർക്കു താൽപര്യങ്ങളുണ്ട്. റെഗുലേറ്ററിന്റെ ഷട്ടറുകളുടെ ചോർച്ച അടയ്ക്കാനും പ്രവർത്തനക്ഷമമാക്കാനും തയാറാകാത്തതിനു കാരണം ഇതാണെന്ന ആക്ഷേപവും വർഷങ്ങളായി ഉയരുന്നുണ്ട്.
ഏനാമ്മാവ് റെഗുലേറ്ററിലെ ഷട്ടറുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ടു കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തൃശൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂർ കുണ്ടുവാറ തോടിന്റെ അവസാന ഭാഗം ഒരു കൂട്ടർ കൈയേറി നികത്തി കരഭൂമിയാക്കിയിരിക്കുകയാണ്. തോടിന്റെ ശേഷിക്കുന്ന ഭാഗം പുനഃസ്ഥാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.