മസച്ചുസെറ്റ്സ് : മലയാളിയായ എട്ടുവയസുകാരി ബാലിക ഇനയയുടെ കിഡ്നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി ഗോ ഫണ്ട് മീ വഴി ഫണ്ട് സമാഹരിക്കുന്നു.
അമേരിക്കയിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മൊയ്തീന് പുത്തഞ്ചിറയുടെ കൊച്ചു മകളും
യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാര്‍ഡില്‍ മുൻ ഉദ്യോഗസ്ഥനും ഇപ്പോൾ വൈമത്ത് പോലീസ് ഡിപ്പാർട്ട്മെന്റിൽ ഡിറ്റക്ടീവുമായ മനിഷിന്റെ പുത്രിയുമാണ് ഇനയ.
ജനിച്ചപ്പോള്‍ തന്നെ ഒരു കിഡ്നിക്കു പ്രവര്‍ത്തന ശേഷി കുറവായിരുന്നു. അപ്പോള്‍ മുതല്‍ ഇനിയ ഒരു പോരാളിയായിരുന്നു.
ഒരു വര്‍ഷത്തിനകം കിഡ്നി മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധി.
എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് ആ കുഞ്ഞു പോരാളി എട്ടു വയസുവരെ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോയി.
മസച്ചുസെറ്റ്സില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളുടെയും കിഡ്നി രോഗ സ്പെഷലിസ്റ്റുകളുടെയും സേവനം ഇനയക്ക് ലഭിച്ചു.
ബോസ്റ്റന് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എന്‍ഡ് സ്റ്റേജ് റെനല്‍ ഡിസീസ് പ്രോഗ്രാമില്‍ ഇനയക്കു പരിചരണം ലഭിച്ചു. കിഡ്നി തരാറിലായ കുട്ടികള്‍ക്കുള്ള പ്രോഗ്രാമാണിത്.
എട്ടു വര്‍ഷത്തിനിടയില്‍ ഇനയയില്‍ പരീക്ഷിക്കാത്ത ടെസ്റ്റുകളും മരുന്നുകളുമില്ലെന്നുവേണം പറയാൻ. നിരന്തരമായ ചികില്‍സയിലും ഇനയ കരുത്തയായി നിന്നത് കുടുംബത്തിന്റെ ആഹ്ലാദമായി മാറി.
കിഡ്നി മാറ്റി വയ്ക്കണമെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നു. അതിനാൽ എന്നു വേണമെന്നതു മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്.
വളരും തോറും ട്രാന്‍സ്പ്ലാന്റ് നടത്താനുള്ള സമയം കുറയുന്നു. എങ്കിലും 2022 ആദ്യം വരെ ഇങ്ങനെ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഡോകടര്‍മാര്‍.
പ്രതീക്ഷക്കു വിരുദ്ധമായി ഏപ്രിൽ 16 ആയപ്പോഴേക്കും സ്ഥിതി മാറി. കിഡ്നി പ്രവര്‍ത്തന രഹിതമാകുന്നതായി കണ്ടു. തുടര്‍ന്ന് കുട്ടിയെ ബോസ്റ്റണ്‍ ചിള്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.
പ്രവര്‍ത്തന രഹിതമായ കിഡ്നിക്കു പകരം ഡയാലിസ് ആരംഭിച്ചു. കിഡ്നി മാറ്റി വയ്ക്കും വരെ ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യണം.
പിതാവ് മനിഷ് കിഡ്നി നല്കാന് സന്നദ്ധനായി മുന്നോട്ടു വന്നു. ഇതേ വരെയുള്ള പരിശോധനയില്‍ പിതാവിന്റെ കിഡ്നി അനുയോജ്യമാണ്. എങ്കിലും ഇനിയും ടെസ്റ്റുകള്‍ വേണം.
ഡയാലിസിസും കിഡ്നി മാറ്റി വയ്ക്കലും മാത്രമാണ് ഇനയയെ രക്ഷിക്കാനുള്ള പോംവഴികള്‍. വൈകാതെ തന്നെ കിഡ്നി മാറ്റിവയ്ക്കാന്‍ കഴിയുമെന്ന് കുടുംബാംഗങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഡയാലിസിസും കിഡ്നി മാറ്റി വയ്ക്കലും ഏറെ ചെലവുള്ള കാര്യങ്ങളാണ്. പിതാവിന് ജോലിയിൽ നിന്ന് കുറേക്കാലം മാറി നിൽക്കേണ്ടി വരും.
മാതാവ് വീട്ടമ്മയാണ്. ഈ സാഹചര്യത്തിലാണു സഹപ്രവർത്തകർ തന്നെ മുൻ കൈ എടുത്ത് തുക സമാഹരിക്കുന്നത്. മനിഷിന്റെ സഹപ്രവര്ത്തകന് ജോൺ ഹബാര്‍ഡ് ആണ് ഇതിന്റെ സംഘാടകന്‍.
മുഴുവന്‍ തുകയും ഇനയയുടെ മെഡിക്കല്‍ ചെലവുകള്‍ക്കും തുടര്‍ന്നുള്ള പരിചരണത്തിനും ചെലവഴിക്കും.
ഈ കുഞ്ഞോമനയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും നോര്‍മ്മലായി വളരുന്നതിനും കഴിയുന്ന സഹായങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ