ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം അരങ്ങേറി. കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനെ പട്ടാപ്പകൽ പോലീസ് വെടിവച്ചുകൊന്നു.
തിരുച്ചിറപ്പള്ളിയിൽ സനമംഗലം വനത്തോട് ചേര്‍ന്ന പ്രദേശത്താണ് സംഭവം. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് കൊമ്പൻ ജഗൻ എന്ന തിരുച്ചി ജഗൻ.
ജഗൻ ഒളിവിൽ കഴിയുന്നതായി അറിഞ്ഞെത്തിയ പോലീസ് സംഘത്തിനുനേരേ പെട്രോൾ ബോംബേറുണ്ടായെന്നും പ്രാണരക്ഷാര്‍ഥം എഎസ്ഐക്ക് വെടിയുതിര്‍ക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ജഗന്റെ വെട്ടേറ്റ് കൈക്ക് പരിക്കേറ്റ എസ്ഐ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തെറ്റ് ചെയ്യുന്നവരല്ല, തെറ്റ് തിരുത്തുന്നവരാണ് എന്ന അവകാശവാദവുമായി സാമൂഹിക മാധ്യമങ്ങളിൽ ജഗൻ റീൽസിട്ടിരുന്നു. ചെന്നൈയിൽ രണ്ടു ഗുണ്ടകള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിൽ മദ്രാസ് ഹൈക്കോടതി സിബിസിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഗന്റെ കൊല. നാലു മാസത്തിനിടെ അഞ്ച് പേരാണ് സംസ്ഥാനത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.