ലോകാവസാനം അടുത്തുവോ? പ്രവചനങ്ങള്‍ സത്യമാകുമോ? സോഷ്യല്‍മീഡിയവഴി പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യമറിയാതെ ഇന്റര്‍നെറ്റ് ലോകം

പ്രകൃതിയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ഇപ്പോള്‍ ആളുകള്‍ ആദ്യം അറിയുന്നത് നവമാധ്യമങ്ങളിലൂടെയാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ബഹുഭൂരിപക്ഷവും തെറ്റാണെന്നതും കപടമാണെന്നതുമാണ് വാസ്തവമെന്ന കാര്യം ആരും തിരിച്ചറിയുന്നില്ല താനും. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അറിയിപ്പുകള്‍ വൈകിയോ ഇല്ലയോ എന്നത് ഇപ്പോഴും തര്‍ക്കത്തില്‍ തന്നെ തുടരുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അടുത്ത ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് തകര്‍ത്തോടിക്കൊണ്ടിരിക്കുന്നത്. പ്രചരിക്കുന്നവയില്‍ പലതും വ്യാജമാണെന്ന കാര്യം ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും മറന്ന മട്ടാണ്. പലരും ദുരന്തം കാല്‍ച്ചുവട്ടില്‍ എത്തിയിരിക്കുന്നു എന്ന രീതിയിലാണ് പ്രവചനങ്ങളും മുന്നറിയിപ്പുകളും ആളുകളിലേയ്ക്ക് പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തു ശീലിച്ച ചില ഓണ്‍ലൈന്‍ ദൃശ്യ മാധ്യമങ്ങള്‍ ഈ പ്രവചനങ്ങള്‍ ബ്രേക്കിംഗ് ന്യൂസാക്കുക കൂടി ചെയ്തപ്പോള്‍ പലരും ആശങ്കയിലായി. 2017 അവസാനത്തോടെ ഭൂകമ്പം, സൂനാമി, ചുഴലിക്കാറ്റ് എന്നിവ ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ വലിയ നാശം വിതയ്ക്കുമെന്നാണ് ഒരു പ്രവചനം. 2004ലെ സൂനാമിയുള്‍പ്പെടെയുള്ള ലോകത്തെ മഹാസംഭവങ്ങള്‍ പ്രവചിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ലോക്കല്‍ പ്രവാചകന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം വാര്‍ത്തയായിരിക്കുന്നത്. തന്റെ അതിന്ദ്രീയ കഴിവുകള്‍ വഴി ലഭിച്ച ദര്‍ശനം ദുരന്തത്തിനു മുന്നോടിയായി പ്രവാചകന്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുകയും അതു ലോകം ഏറ്റെടുത്തു പ്രചരിപ്പിക്കുകയുമായിരുന്നു.

ഡിസംബര്‍ 31നു മുന്‍പ് 11 രാജ്യങ്ങളെ ബാധിക്കുന്ന ഭൂകമ്പവും സൂനാമിയും 150, 180 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റും ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വെളിപാട്. വ്യാജവാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന വെബ്‌സൈറ്റുകളും ഈ പ്രവചനത്തെ വ്യാജവാര്‍ത്തകളുടെ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു മുന്‍പുണ്ടായിട്ടുള്ള സൂനാമികള്‍ പ്രവചിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇദ്ദേഹം ചൊവ്വയില്‍ വെള്ളമുണ്ടെന്നും പ്രവചിച്ചിട്ടുണ്ടത്രേ. തുടര്‍പ്രവചനങ്ങളിലൊന്ന് അവകാശപ്പെടുന്നത് ഈ സുനാമിയോടെ ഏഷ്യന്‍ രാജ്യങ്ങളിലെ പത്തു കോടി മനുഷ്യര്‍ അപ്രത്യക്ഷരാകുമെന്നാണ്. ഈ ചിത്രം എത്ര പേര്‍ക്ക് അയയ്ക്കുന്നുവോ ദുരന്തം ഒഴിവാകാനുള്ള സാധ്യത അത്ര വര്‍ധിക്കുമത്രേ.

അതിലും രസകരമായ കാര്യം തീയതിയെക്കുറിച്ച് പ്രവാചകന്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായമാണെന്നുള്ളതാണ്. ഡിസംബര്‍ 31നു മുന്‍പ് എന്നൊരു വിഭാഗം പ്രചരിപ്പിക്കുമ്പോള്‍ ഡിസംബര്‍ 13നു മുന്‍പ് എന്നാണ് മറുവിഭാഗത്തിന്റെ വാദം. വര്‍ഷങ്ങളായി ശാസ്ത്രം കഠിനാധ്വാനം ചെയ്തു കണ്ടെത്തിയ ഉപകരണങ്ങളുടെ സഹായത്തോടെ ആയിരക്കണക്കിനു ശാസ്ത്രജ്ഞര്‍ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങളാണ് ഇത്തരത്തില്‍ മുന്നറിയിപ്പുകളായി എത്തുന്നത്. സര്‍ക്കാരും ദുരന്തനിവാരണ വകുപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക, അവ അനുസരിച്ചു യുക്തിപൂര്‍വം പ്രവര്‍ത്തിക്കുക. ആളുകളെ ഭയപ്പെടുത്തി രസിക്കുന്ന പ്രവചനങ്ങള്‍ പ്രചരിപ്പിച്ചും അതില്‍ ആശങ്കപ്പെട്ടും സമയം പാഴാക്കാതിരിക്കുക എന്നൊക്കെയാണ് വിവരമുള്ള ചിലര്‍, ഇത്തരക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

 

 

Related posts