വടക്കഞ്ചേരി: ആഗോളതലത്തിൽ വംശനാശം നേരിടുന്ന ജീവജാലങ്ങളുടെ ദിനം ഇന്ന് ആചരിക്കപ്പെടുന്പോൾ ഓരോ നാടും മുക്കും മൂലയുമെല്ലാം ഓരോ സൂചകങ്ങളാണ്. ഇവിടത്തെ സൂചനകൾ മറ്റൊരു നാടിനു മുന്നറിയിപ്പാകുന്പോഴാണ് ദിനാചരണത്തിന്റെ പ്രസക്തിയും വർധിക്കുന്നത്. വടക്കഞ്ചേരി എന്ന ചെറിയ പ്രദേശത്തെ സൂചനകൾ ഒരുപക്ഷേ വിചിത്രവും പലരും തള്ളിക്കളയുന്നതുമാണ്. പ്രകൃതിയുടെ ചില സ്പന്ദനങ്ങൾ നിലച്ചുതുടങ്ങിയോ എന്നു സംശയിക്കപ്പെടേണ്ട അവസ്ഥ ഇവിടെയുണ്ട്. ചെറുജീവികളുടെ ചില അവസ്ഥകൾ. ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായ്…
കാക്കകളില്ലാത്ത പാലക്കുഴി
ജൈവഗ്രാമമായ പാലക്കുഴിയിൽ കാക്കകളില്ല. കാക്കയെ കാണാൻ പാലക്കുഴിക്കാർക്കു മലയിൽനിന്നും താഴെ ഇറങ്ങണം. പാലക്കുഴിയിലെ കുട്ടികൾ കാക്കകളെ കാണുന്നത് 18 കിലോമീറ്റർ യാത്രചെയ്ത് വടക്കഞ്ചേരിയിൽ വരുമ്പോഴാണ്. കാക്കകൾ മനുഷ്യരുടെ വളരെ അടുത്തുവരുന്നതൊക്കെ പാലക്കുഴിക്കാർക്കു കൗതുകക്കാഴ്ചയാണ്. ഇതെല്ലാം വീൺവാക്കുകളാണെന്നു പറയാൻ വരട്ടെ. പാലക്കുഴിയിൽ കാക്കകളില്ലെന്നു സമർഥിച്ചതു വനംവകുപ്പിന്റെ പഴയ പഠനങ്ങളാണ്.
കാക്കയ്ക്കു പകരം മയിൽ
പാലക്കുഴിയിൽ മാത്രമല്ല, നാട്ടിലെന്പാടും കാക്കകളുടെ കുറവു ശ്രദ്ധേയമാവുകയാണ്. മുമ്പത്തേതുപോലെ കാക്കകളെ കാണാനില്ല. വീടുകളിൽ മത്സ്യവും മാംസവും കഴുകുമ്പോൾ കാക്കകൾ നിറഞ്ഞു ശല്യമാകുന്ന സ്ഥിതി ഇപ്പോഴില്ലെന്ന് അമ്മമാരും പറയുന്നു. എല്ലാം മാറിമറിയുകയാണ്, കാക്കകളില്ലാത്ത പാലക്കുഴിയിൽ മയിലുകൾ കൂടിവരികയാണെന്നു പാലക്കുഴിയിലെ ഊന്നുപാലം ജോസ് പറയുന്നു.
എവിടെപ്പോയ് അണ്ണാൻപട
ചക്കയും മാങ്ങയുമെല്ലാം പഴുക്കുന്ന സീസണിൽപോലും എവിടെയും അണ്ണാൻപടയെ കാണുന്നില്ല. മരത്തിലൂടെ ഓടിക്കളിച്ചു ജീവിതം ആർത്തുല്ലസിച്ചിരുന്ന ഈ ചെറുജീവികൾക്ക് എന്തു സംഭവിച്ചു എന്ന ചോദ്യങ്ങൾ പ്രസക്തമാവുകയാണ്. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ജീവിയായിരുന്നതു കൊണ്ടാകണം ഇവയുടെ അഭാവവും ശ്രദ്ധിക്കാൻ തുടങ്ങിയത്.
ഇങ്ങനെയും ചിലർ
അണ്ണാനും കാക്കകളും മാത്രമല്ല, മൈനയെയും മരംകൊത്തിപ്പറവകളെയും ഒന്നും കണ്ണുനിറയെ കാണാൻ കിട്ടുന്നില്ലെന്നു പഴമക്കാർ പറയുന്നു. സ്വാഭാവികതേനീച്ചക്കൂടുകളും പ്രദേശത്ത് അപൂർവമാകുന്നു. കൂടുകളിൽ വളർത്തുന്ന ഈച്ചയല്ലാതെ സ്വാഭാവികമായ തേനീച്ചക്കൂടുകൾ ഇപ്പോൾ അപൂർവമാണ്. മറ്റു പല പക്ഷികളുടെ എണ്ണത്തിലും കുറവു വരുന്നതായും ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാൽ, എലി, പന്നിഎലി, വവ്വാൽ, കുരങ്ങ് എന്നിവയുടെ ശല്യംകാരണം വല്ലാത്ത പൊറുതിമുട്ടുകയാണെന്നു കർഷകർ പറയുന്നു. മായംകലർന്ന തീറ്റ ജീവികൾക്കു ഭീഷണിയാകുന്നെന്നു തെളിയിക്കുന്നവരും നാട്ടിൽ വിലസുന്നുണ്ട് -കോഴിവേസ്റ്റ് മാത്രം തിന്ന് രോമങ്ങളില്ലാത്തെ വിളറിവെളുത്തു നടന്നുനീങ്ങുന്ന തെരുവുനായ്ക്കൾ.
അതിഥിതാരം കാട്ടുകോഴി
കാട്ടിൽ നായാട്ട് ശക്തമായിരുന്ന പഴയ കാലങ്ങളിൽ മൃഗങ്ങൾ നാട്ടിലെത്തിയിരുന്നില്ല.എന്നാൽ ഇന്നിപ്പോൾ കാട്ടിൽ നായാട്ടില്ല. എന്നിട്ടും കാട്ടുമൃഗങ്ങൾ കാടിറങ്ങുകയാണ്. അഞ്ചുമൂർത്തിമംഗലം മിച്ചാരംകോട് വീടുകളിൽ തങ്ങുന്ന അതിഥിയായ കാട്ടുകോഴി അങ്ങനെയാണ് കൗതുകക്കാഴ്ചയാകുന്നത്.
പഠനം അനിവാര്യം
കടുത്ത ചൂടും മറ്റു കാലാവസ്ഥാവ്യതിയാനവുമാണോ ഈ ചെറുജീവികളുടെ കുറവിനും വംശനാശത്തിനും കാരണമാകുന്നത്. ഇതുസംബന്ധിച്ചു പഠനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചെറുജീവികൾ ഇല്ലാതാകുന്നതു പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ, അതു മനുഷ്യനു ദോഷകരമാകുമോ എന്നൊക്കെ പഠനവിധേയമാക്കേണ്ടിവരും.
ഫ്രാൻസിസ് തയ്യൂർ