എൻഡോസൾഫാൻ വിഷലിപ്തമായ മണ്ണിൽ അന്ധരായി ജീവിക്കുന്ന ഹതഭാഗ്യർക്കെല്ലാം ജീവിതം ആശങ്കകളുടേതാണ്.
അച്ഛനോ അമ്മയ്ക്കോ ജോലിയോ പെൻഷനോ ഉണ്ടെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യമാണ്. ചലിക്കാൻ പരസഹായം വേണ്ടവരും മാരകരോഗങ്ങളാൽ വലയുന്നവരുമാണ് ഇവരെല്ലാം.
കണ്ണിനെ മൂടിയ ഇരുട്ടിനൊപ്പം ബുദ്ധിമാന്ദ്യം, തളർച്ച, മുഴകൾ എന്നിങ്ങനെ നീറുന്ന ആകുലതകളെ നേരിടുന്നവർക്കാണ് കുടുംബവരുമാനം മാനദണ്ഡമാക്കി സാന്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്.
കുടുംബ മാസവരുമാനം എണ്ണായിരം രൂപയാണ് സാന്പത്തിക ഇളവുകൾക്കും പഠന ആനുകൂല്യങ്ങൾക്കും പരിധി നിശ്ചയിച്ചിരിക്കുത്.
രക്ഷിതാക്കളുടെ വരുമാനം അന്ധരായ മക്കൾക്കും ബാധകമാക്കുന്നതിൽ അനീതിയുണ്ടെന്നതാണ് ഇരകൾക്കു പറയാനുള്ളത്.
അച്ഛനമ്മമാരുടെ കാലശേഷം ഇവരെ ആരു സംരക്ഷിക്കുമെന്നോ എങ്ങനെ ജീവിക്കുമെന്നോ ചോദിച്ചാൽ ഉത്തരമില്ല.
കാഴ്ചവൈകല്യത്തെ തോൽപിച്ച് ഉന്നതപഠനം നേടിയവർക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കിയാൽ ഒരു പരിധിവരെ സുരക്ഷിതരാകാം.
പെരിയ വടക്കേക്കര പുളിയപ്പുറം വിമുക്തഭടൻ അച്യുതന്റെയും ശോഭനയുടെയും മക്കളായ ശിവരാജിനും അനുജത്തി രേഖയ്ക്കും കാഴ്ചയില്ല.
ബിരുദാനന്തരബിരുദവും ബിഎഡും പാസായ ഇരുവരും സർക്കാർ ജോലിക്കായി പരീക്ഷകൾ എഴുതുകയാണ്.
രേഖ ധർമശാലയിലെ അന്ധവിദ്യാലയത്തിൽ താൽക്കാലിക അധ്യാപികയുമാണ്. അച്ഛൻ വിമുക്തഭടനാണെന്നതാണ് ഇവർക്ക് പഠന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ കാരണമായത്.
കാസർഗോഡ് സെൻട്രൽ യൂണിവേഴ്സറ്റിയിൽ നിന്ന് എംഎയും തുടർന്ന് ബിഎഡും പാസായവരാണ് ശിവരാജും രേഖയും.
രാജ്യത്തെ സംരക്ഷിച്ച ഭടന് മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്നതാണ് ഈ ദുരിതഭൂമിയിലെ അനുഭവം.
അടഞ്ഞുപോയതും തിമിരം മൂടിയതുമായ കണ്ണുകളിൽ ഇറ്റുവീഴാൻ കണ്ണീർപോലുമില്ലാത്തവരുടെ നൊന്പരം ആരറിയുന്നു.
അന്ധതയും വൈകല്യങ്ങളുമുള്ളവർക്ക് വരുമാനം എൻഡോസൾഫാൻബാധിതർക്ക് അനുവദിച്ചിരിക്കുന്ന തുശ്ചമായ പെൻഷൻ മാത്രമാണ്.
ഇതാവട്ടെ ആറും ഏഴും മാസം മുടങ്ങുകയും ചെയ്യുന്നു. പഠനത്തിനും യാത്രകൾക്കും കടം ചോദിച്ചുനടക്കുന്നവരും ബാധ്യതകളിൽ ഉഴലുന്നവരും പലരാണ്.
തനിയെ വസ്ത്രം കഴുകാനോ പാചകം ചെയ്യാനോ സാധിക്കാത്തവർ. തുച്ഛമായ രണ്ടായിരം രൂപ പെൻഷനല്ലാതെ എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
ദിവസം തികച്ചു 100 രൂപ പോലും സമാശ്വാസം ലഭിക്കാത്തവരാണ് കാസർകോട്ടെ വിഷമഴയുടെ ഇരകൾ.
കോവിഡ് പ്രതിസന്ധിക്കിടെ പെൻഷൻകൂടി മുടങ്ങിയതോടെ എൻഡോസൾഫാൻ അവകാശദിനത്തിലും മരുന്ന് വാങ്ങാൻ പണമില്ലാതെ വലയുകയാണിവർ.
ദുരിത ബാധിതരുടെ സംഘടനകൾ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
കിടപ്പിലായവർക്ക് രണ്ടായിരം രൂപയും മറ്റുള്ളവർക്ക് 1700 രൂപയുമാണ് പരമാവധി പെൻഷൻ. ഇവർ മറ്റെന്തെങ്കിലും പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ 500 രൂപ കുറവു വരും.