കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരുടെ കടങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയത്തിന് പുല്ലുവില. ബാങ്ക് വായ്പയെടുത്ത എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന സർക്കാർ ആനുകൂല്യങ്ങൾ ബാങ്കുകൾ നൽകുന്നില്ലെന്നാണ് പരാതി വ്യാപകമായിരിക്കുന്നത്.
ബാങ്ക് സബ്സിഡി, സ്കോളർഷിപ്പ്, ഗ്രാന്റ്, തൊഴിലുറപ്പ് പദ്ധതിയുടെ കൂലി എന്നിവ ബാങ്ക് അക്കൗണ്ടിലെത്തിയാൽ ബാങ്ക് വായ്പയിൽ വകയിരുത്തുകയാണ് ചെയ്യുന്നത്. ദുരിതബാധിതരുടെ അനുമതി തേടാതെയാണ് ഇത്തരം വായ്പയിനത്തിലേക്കു മാറ്റുന്നത്. ഇതോടെ മരുന്നിനും ചികിത്സയ്ക്കുള്ള തുക ലഭിക്കാതെ വലയുകയാണ് ദുരിതബാധിതർ.
കോടോം സ്വദേശിനിയും ഒടയൻചാലിൽ തട്ടുകട നടത്തുകയും ചെയ്യുന്ന വിമല ഫ്രാൻസിസിന്റെ അനുഭവം തന്നെ ഉദാഹരണം. വിമലയുടെ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട മകൾ മിനിമോൾ (29) ക്ക് ബുദ്ധിന്യൂനതയും ഹൃദയങ്ങളിൽ രണ്ടു ദ്വാരങ്ങളും കാഴ്ചക്കുറവും ശാരീരിക വൈകല്യവുമുണ്ട്. കടം എഴുതിത്തള്ളാനുള്ള സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബവുമാണ്.
വർഷങ്ങൾക്കു മുന്പ് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നും 40,000 രൂപ വായ്പയെടുത്തത് ഇപ്പോൾ പലിശ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം തിരിച്ചടയ്ക്കാനുണ്ട്. ഇതിനുപുറമെ കാഞ്ഞങ്ങാട് സ്റ്റേറ്റ് ബാങ്കിലും സിൻഡിക്കേറ്റ് ബാങ്കിലും നാലു ലക്ഷം രൂപ കടമുണ്ട്. കുട്ടിയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഈ പണം ചെലവഴിക്കേണ്ടി വന്നതെന്നതും അവർ പറഞ്ഞു. തട്ടുകട നടത്തിയും ഭർത്താവ് കൂലിപ്പണിയെടുത്തും കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതയായ കുട്ടിയെ സംരക്ഷിക്കുന്നതിന് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും കഴിഞ്ഞ ആറുമാസമായി ഇവർക്ക് ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് വഴി വരുന്ന ആനുകൂല്യങ്ങളുടെ വായ്പയുടെ പേരിൽ നിഷേധിക്കപ്പെടുന്ന നിരവധി ദുരിതബാധിതകുടുംബങ്ങൾ ജില്ലയിലുണ്ട്.