കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള അര്‍ഹമായ കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായി 1,54,44,331 രൂപ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് അനുവദിക്കുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്.
തുക കളക്ടറുടെ ട്രഷറി അക്കൗണ്ടില്‍നിന്ന് വിവിധ ബാങ്കുകള്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട കടക്കാരന്റെ കടം അടവുവരുത്തി “ബാധ്യതാ രഹിത സാക്ഷ്യപത്രം’ ഉടനെ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. കാസർഗോഡ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതല സെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 ലെ സ്പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരില്‍നിന്ന് 287 പേരെ നേരത്തേ ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്1,618 പേരെയാണ് ഈ കാലയളവില്‍ പുന പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്. അതില്‍ മാരകമായ അസുഖമുള്ള ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന 76 പേരെ കണ്ടെത്തുകയും ചെയ്തു. ഇവര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും അര്‍ഹരായവര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന് ശിപാര്‍ശ പ്രകാരമുള്ള തുക സര്‍ക്കാരില്‍നിന്ന് അനുവദിച്ച് കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ജില്ലയിലെ 6,211 ദുരിത ബാധിതര്‍ക്കാണ് ഇങ്ങനെ വിവിധതരം സഹായങ്ങള്‍ ലഭിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്ത എന്നാല്‍ മാരക രോഗങ്ങള്‍ ഉള്ളതെന്ന് കണ്ടെത്തിയ 505 പേര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ അനുവദിച്ചു വരുന്നതായി മന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഇതുവരെ 1,84,29,03, 416 രൂപ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 14ന് നടത്തിയ എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍യോഗ തീരുമാനങ്ങളിലെ തുടര്‍ നടപടികള്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു വിശദീകരിച്ചു. പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളില്‍ ബാരലുകളില്‍ സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതിന് വിദഗ്ധരുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മുളിയാറില്‍ സമഗ്ര പുനരധിവാസ ഗ്രാമം നിര്‍മിക്കുന്നതിന് തയാറാക്കിയ രൂപരേഖ യോഗത്തില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ അവതരിപ്പിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രോജക്ട് റിപ്പോർട്ട് സമര്‍പ്പിച്ചത്. നിലവിലെ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എന്നത് പ്രത്യേക പരിഗണനാ വിഷയമല്ലാത്തതിനാല്‍ എല്ലാ കുടംബങ്ങളെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് യോഗത്തില്‍ അറിയിച്ചു.
1,134 ദുരിതബാധിതരെ കൂടി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, സബ്കളക്ടര്‍ അരുണ്‍ കെ. വിജയന്, ജില്ലാ തല സെല്‍ അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.