തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകളെ സംബന്ധിച്ച് കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ നടത്തിയ പരാമർശത്തിനെതിരേ തുറന്ന കത്തുമായി സീരിയൽ അഭിനേതാക്കളുടെ സംഘടനായ ‘ആത്മ’. ചില സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണു തുറന്ന കത്ത്.
ആത്മ അംഗങ്ങളുടെ വികാരം പ്രേംകുമാറിനെ അറിയിക്കുക എന്ന പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണു തുറന്ന കത്ത്.സീരിയൽ മേഖലയ്ക്കായി പ്രേംകുമാർ എന്തു ചെയ്തുവെന്ന് ആത്മ കുറ്റപ്പെടുത്തുന്നു.
എന്തെങ്കിലും കുറവുകൾ സീരിയൽ രംഗത്ത് ഉണ്ടെങ്കിൽത്തന്നെ മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നതെന്നും സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ, വെറും കയ്യടിക്കു വേണ്ടി മാത്രം, മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയ പ്രേംകുമാറിന്റെ നിലപാടിനെ അപലപിക്കുന്നുവെന്നും ആത്മ തുറന്ന കത്തിൽ പറയുന്നു.
സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാഡമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന പ്രേംകുമാർ കഴിഞ്ഞ നാല് വർഷത്തിൽ സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാനോ, മറ്റ് ഏതെങ്കിലും ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടിയോ ഒരു മീറ്റിംഗ് പോലും സംഘടിപ്പിച്ചതായി ആർക്കും അറിയില്ലെന്ന് ആത്മ കുറ്റപ്പെടുത്തുന്നു.
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ ചില സീരിയലുകള് എന്ഡോസള്ഫാന് പോലെ മാരകമാണെന്ന് പ്രേംകുമാർ അഭിപ്രായപ്പെട്ടതാണു വിവാദമായത്. സീരിയലുകൾക്ക് സെൻസറിംഗ് വേണമെന്നും പ്രേംകുമാർ ആവശ്യപ്പട്ടിരുന്നു.