പത്തനംതിട്ട: കാസർഗോഡിന്റെ മണ്ണിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയുടെയും ജീവിതം എങ്ങനെയെന്ന ആശങ്ക മാറാതെ നിൽക്കുന്പോഴും പൊള്ളയായ വാഗ്ദാനങ്ങളിലൂടെ ആ ജനതയെ ഇന്നും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമൂഹിക പ്രവർത്തക ദയാബായി.
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതയാഥാർഥ്യങ്ങൾ പുറംലോകത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക പ്രവർത്തക ദയാബായി ഏകാംഗ നാടകവുമായി പത്തനംതിട്ടയിൽ എത്തിയത്.
എൻഡോസൾഫാൻ വിഷമല്ലെന്നും പച്ചവെള്ളമാണെന്നും റിപ്പോർട്ട് നൽകിയവരും അവരുടെ കുടുംബവും അതു കുടിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തട്ടെ. വലിയൊരു ദുരന്തത്തെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവിൽ കേരളം മുഴുവൻ പ്രതിഷേധജ്വാല ഉയരണമെന്നും ദയാബായി അഭിപ്രായപ്പെട്ടു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാർഥികൾ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതേ വിഷയവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച തെരുവുനാടക യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രസ്ക്ലബിന്റെ കൂടി സഹകരണത്തിൽ നടത്തിയ പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ എ. സഗീർ, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ.മാത്യു പി. ജോസഫ്, പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, സെക്രട്ടറി ബിജു കുര്യൻ, ഡോ.ബിനോയ് ടി. തോമസ്, ഫാ.യൂഹാനോൻ ജോണ്‍, ഫാ.പി.വൈ. ജസൻ, ഫാ.സൈമണ്‍ ജേക്കബ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധ ജ്വാല തെളിയിച്ചും ബാനറിൽ ഒപ്പുവച്ചുമാണ് പരിപാടിക്കെത്തിയവർ ഐക്യദാർഢ്യം പ്രകടമാക്കിയത്.