തിരുവില്വാമല: തിരുവില്വാമല പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉൽപ്പാദന കാലാവധി കഴിഞ്ഞ റബർതോട്ടങ്ങളിൽ വീണ്ടും പ്ലാന്റ് ചെയ്യുന്നതിനു ഇടവിളയായി ചെയ്യുന്ന പൈനാപ്പിൾകൃഷിക്ക് നിരോധിത എൻഡോസൾഫാൻ ഇനത്തിൽപ്പെട്ട കേരളത്തിൽ ലഭ്യമല്ലാത്ത രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതായി പരാതി. തോട്ടം ഉടമകൾക്ക് ഇവർ റബർ, തെങ്ങ് എന്നിവ സൗജന്യമായി പ്ലാന്റ് ചെയ്ത് നൽകും.
അതിനു പകരമായി ഇടവിളയായി പൈനാപ്പിൾകൃഷി ചെയ്യുന്നതിനു കരാർ അടിസ്ഥാനത്തിൽ ഉടമ അനുമതി നൽകണം. ഇത്തരത്തിൽ പഞ്ചായത്തിലെ അപ്പേക്കാട്ട്, ഒരലാശേരി ഭാഗങ്ങളിൽ വ്യാപകമായി പുറമെനിന്നുള്ള കൃഷി ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മണ്ണിനെയും ജലത്തേയും നശിപ്പിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃഷിയിൽനിന്ന് ഉടമകൾ പിന്മാറണമെന്നു കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടർക്ക് പരാതി നൽകുമെന്നും കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ഉദയൻ പറഞ്ഞു.