മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബ്രസീൽ കൗമാര താരം എൻഡ്രിക്കിനു വിസ്മയ അരങ്ങേറ്റം. റയൽ മാഡ്രിഡിനുവേണ്ടിയുള്ള ലാ ലിഗ അരങ്ങേറ്റ മത്സരത്തിൽ പതിനെട്ടുകാരനായ എൻഡ്രിക് ഗോൾ നേടി. റയൽ വയ്യഡോലിഡിന് എതിരായ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു (90+6’) എൻഡ്രിക്കിന്റെ ഗോൾ.
21-ാം നൂറ്റാണ്ടിൽ റയൽ മാഡ്രിഡിനുവേണ്ടി ലാ ലിഗ അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രമാണ് 18 വർഷവും 35 ദിനവും പ്രായമുള്ള എൻഡ്രിക് കുറിച്ചത്.
മത്സരത്തിൽ റയൽ മാഡ്രിഡ് 3-0നു ജയം സ്വന്തമാക്കി. കിലിയൻ എംബപ്പെയുടെ അരങ്ങേറ്റമത്സരം കൂടിയായിരുന്നു. എന്നാൽ, റയലിന്റെ ഹോം ഗ്രൗണ്ടിൽ എംബപ്പെയ്ക്കു ഗോൾ നേടാൻ സാധിച്ചില്ല. 86-ാം മിനിറ്റിൽ എംബപ്പെയ്ക്കു പകരമായാണ് എൻഡ്രിക് എത്തിയത്.
അത്ലറ്റിക്കോ മാഡ്രിഡ് 3-0ന് ജിറോണയെ കീഴടക്കി. അന്റോയിൻ ഗ്രീസ്മാന്റെ (39’) ഫ്രീകിക്ക് ഗോളിലൂടെയാണ് അത്ലറ്റിക്കോ സ്കോറിംഗ് ആരംഭിച്ചത്. 2015-16 സീസണിനുശേഷം വിവിധ പോരാട്ടങ്ങളിലായി അത്ലറ്റിക്കോ മാഡ്രിഡ് 10 ഫ്രീ കിക്ക് ഗോൾ നേടി. അതിൽ ഒന്പതും അന്റോയിൻ ഗ്രീസ്മാന്റെ വകയായിരുന്നു.