സൂറിച്ച്: ഉത്തേജക പാനീയങ്ങൾ കുടിക്കുന്നവർ മാരകമായ പാർശ്വഫലങ്ങൾക്കുടമയാകുമെന്ന് വൈദ്യശാസ്ത്രത്തിന്റെ മുന്നറിയിപ്പ്. കാനഡയിലെ 12 മുതൽ 24 വയസു വരെ പ്രായമുള്ള 2055 ഓളം പേരിൽ നടത്തിയ പഠനത്തിലാണ് മാരകമായ പാർശ്വഫലങ്ങൾ വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
ഉത്തേജക പാനീയം കുടിക്കുന്ന 55.4 ശതമാനം പേരിലും ഉയർന്ന നാഡീസ്പന്ദനം, തലവേദന, ഉറക്കമില്ലായ്മ, തലച്ചോറിന്റെയും മസിലുകളുടെയും പ്രവർത്തനം തകരാറിലാകുക എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇതിൽ 3.1 ശതമാനത്തോളം പേരും ചികിത്സ തേടിയെത്തിയവരിൽപ്പെടുന്നു. ഇതുപയോഗിക്കുന്ന യുവാക്കൾക്ക് ഇതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും ഇതൊഴിവാക്കാനാകുന്നില്ല.
ഉറക്കമില്ലായ്മ ശരീരത്തിൽ ക്ഷീണം ഉണ്ടാക്കുമെന്നും അമിതമായ ക്ഷീണം കൂടുതൽ ഭക്ഷണം കഴിക്കുന്നതിലേക്കും അങ്ങനെ അമിത വണ്ണത്തിലേക്കും കൊണ്ടുചെന്നെത്തിക്കും. രാത്രിയിൽ ശരിയായി ഉറങ്ങാത്തത് പകൽ സമയം സ്കൂളിൽ ഇരുന്നുറങ്ങുന്നതിലേക്കും സ്വഭാവ വ്യതിയാനത്തിനും പഠനത്തിലുള്ള ശ്രദ്ധക്കുറവിനും ഇടയാക്കും.
ബ്രിട്ടനിലെ പ്രമുഖ സൂപ്പർ മാർക്കറ്റായ വൈറ്റ് റോഡ് 150 ഗ്രാമിലധികം കഫേൻ അടങ്ങിയ ഉത്പന്നങ്ങൾ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് വിൽക്കുന്നത് നിർത്തിവച്ചിട്ടുണ്ട്. ഇത്തരം പാനീയങ്ങൾ നമ്മുടെ യുവ തലമുറയെ തകർക്കുമെന്നും മയക്കുമരുന്നുകൾപോലെ തന്നെ ഉത്തേജക പാനീയങ്ങളും ആസക്തി ഉണ്ടാക്കുന്നവയാണെന്നും വ്യക്തമാക്കുന്നു. നിശ്ചിത അളവിൽ കൂടുതൽ ഉത്തേജക പാനീയങ്ങൾ വിൽക്കുന്ന ഷോപ്പുകൾക്കെതിരെ നടപടി എടുക്കാൻ ഡയറക്ടർ ജെയിംസ് ഒലിവർ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്വിറ്റ്സർലൻഡിലും ഉത്തേജക പാനീയങ്ങൾ കുടിക്കുന്നവരിലുണ്ടാകുന്ന മാറ്റങ്ങൾ ശാസ്ത്രീയമായി പഠിച്ചുവരികയാണ്. നിലവിൽ തന്നെ ഗർഭിണികളും കൊച്ചുകുട്ടികളും ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് ഡോക്ടർമാർ വിലക്കുന്നു.
നിരോധനത്തേക്കാളുപരി ശക്തമായ ബോധവൽക്കരണവും പ്രതിരോധവും ജനങ്ങൾക്കിടയിൽ ഉടനടി ആവശ്യമാണെന്ന് സ്വിസ് ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ