കോഴിക്കോട്: ബുള്ളറ്റ് ഷോറൂമില്‍ നിന്ന് ബൈക്കും പണവും കവര്‍ന്ന കേസില്‍ ഒരാളെ കൂടി പോലീസ് പ്രതിചേര്‍ത്തു. മോഷ്ടിച്ച പണമാണെന്നറിഞ്ഞിട്ടും അത് വാങ്ങുകയും ചെലവഴിക്കുകയും ചെയ്ത പൊന്നാനി വെളിയങ്ങോട് പൊന്നക്കാറത്ത് ജുറൈദ്(24)നെയാണ് ടൗണ്‍പോലീസ് കേസില്‍ പ്രതിചേര്‍ത്തത്. താനൂര്‍ ഒഴൂര്‍ കോറാട്ട് പൈനാട്ട് വീട്ടില്‍ പി.നൗഫലായിരുന്നു മോഷണം നടത്തിയത്.
മോഷ്ടിച്ച പണത്തില്‍ നിന്ന് നൗഫല്‍ 94,000 രൂപ ജുറൈദിന് നല്കി. എന്നാല്‍ ഇക്കാര്യം നൗഫല്‍ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നില്ല. ചോദ്യം ചെയ്യലിനൊടുവിലാണ് ചെലവഴിച്ച പണം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനിടെ നൗഫല്‍ ജുറൈദിനെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് പോലീസ് പ്രതിചേര്‍ക്കുകയായിരുന്നു. തിരൂര്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് ജുറൈദെന്ന് ടൗണ്‍ എസ്ഐ ബിജിത്ത് പറഞ്ഞു. അതേസമയം ജുറൈദിപ്പോള് ഒളിവിലാണ്.
ജയിലില്‍ വച്ച് പരിചയത്തിലായ ഇരുവരും ഇപ്പോഴും സൗഹൃദത്തിലാണ്. ഇതേതുടര്‍ന്നാണ് 94,000 രൂപ ജുറൈദിന് നൗഫല്‍ നല്‍കിയത്. മോഷണം നടത്തിയതിനു തൊട്ടുപിന്നാലെ നൗഫല്‍ ചെന്നൈയിലേക്ക് പോയി. പിന്നീട് ഇരുവരും ബംഗളുരുവില്‍ ചെലവഴിക്കുകയായിരുന്നു. സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ മൂന്നര മണിയോടെ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്ലൂ മൗണ്ടൈന്‍ ഓട്ടോ ഷോറൂമിലാണ് നൗഫല്‍ മോഷണം നടത്തിയത്.
സംഭവത്തിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇയാള്‍ പെരിന്തല്‍മണ്ണയിലെ ബുള്ളറ്റ്ഷോറൂമിലും സമാനമായ രീതിയില്‍ കളവ് നടത്തിയിരുന്നു. പ്രതിയെ അന്വേഷിച്ച് താനൂര്‍, പൊന്നാനി ഭാഗങ്ങളില്‍ ചെന്നെങ്കിലും ഇയാള്‍ വീട്ടിലേക്ക് പോകാറില്ലെന്ന് പോലീസിന് മനസിലായി.
സെപ്റ്റംബര്‍ 16ന് പരപ്പനങ്ങാടി ജയിലില്‍ നിന്നും ഇറങ്ങിയ ഇയാള്‍ 19 നാണ് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതി രൂപമാറ്റം നടത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളില്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുറ്റിപ്പുറം ഭാഗങ്ങളിലുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്നാണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് നൗഫലിനെ സാഹസികമായി അറസ്റ്റുചെയ്തത്.