തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഉടൻ വിന്യസിക്കും. ഇഡി അന്വേഷിക്കുന്ന കേസുകളുടെ എണ്ണം വർധിച്ചതിനാൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതലാണെന്ന ഇഡി ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നത്.
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്, ലൈഫ്മിഷൻ കേസ്, സ്വർണക്കടത്ത് കേസ് ഉൾപ്പെടെ ധാരാളം കേസുകൾ അന്വേഷിക്കുന്നതിനാൽ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും വിവിധ റാങ്കുകളിലുള്ള കുടുതൽ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് നിയമിക്കണമെന്ന് കാട്ടി കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഡൽഹിയിലെ ഇഡി ഡയറക്ടർക്ക് രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു.
സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കുന്ന വേളയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയക്കണമെന്ന ആവശ്യം ഇഡി ഡയറക്ടറേറ്റ് ഗൗരവമായി പരിഗണിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം പുരോഗമിക്കവെ പോലീസിനെ ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
നേരത്തെ സ്വർണക്കടത്ത് കേസ് അന്വേഷണം നടത്തിയപ്പോഴും സമാനമായ രീതിയിൽ ഇ.ഡി. അന്വേഷണത്തെ പ്രതിരോധിക്കാൻ സർക്കാർ ശ്രമിച്ച കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇഡി യുടെ അന്വേഷണത്തിനും സുരക്ഷയ്ക്കും കുടുതൽ സായുധരായ കേന്ദ്രസേന ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന ആവശ്യവും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.