കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പില്‍ എന്‍ഫോഴ്സ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് തലപ്പത്ത് ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത് വകുപ്പിന്റെ കാര്യക്ഷമതയെ ബാധിക്കുന്നതായി ആക്ഷേപം.മുമ്പ് ഈ രണ്ട് തസ്തികകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥരെയായിരുന്നു നിയമിച്ചിരുന്നത്. എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ തലപ്പത്ത് ഐപിഎസ് ഉദ്യോഗസ്ഥരും അഡ്മിനിസ്ട്രേഷന്റെ ചുമതല വഹിച്ചിരുന്നത് സിവില്‍ സര്വീസുകാരുമായിരുന്നു.
ഈ പതിവാണ് ഇപ്പോള്‍ തെറ്റിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണറുടെ കീഴില്‍ രണ്ട് അഡീഷണല്‍ എക്സൈസ് കമ്മീഷണര്മാരാണുള്ളത്. അതില്‍ എന്‍ഫോഴ്സ്മെന്റിന്റെ ചുമതലയുള്ള അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഐപിഎസ് ഉദ്യോഗസ്ഥനും അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ സിവില്‍ സര്‍വീസില്‍ നിന്നുള്ളവരും ആയിരുന്നു. മുതിര്‍ന്ന ഐജിയായിരുന്നു ഈ സ്ഥാനത്ത് നേരത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ക്രമേണ ഈ പോസ്റ്റ് ഐപിഎസുകാരല്ലാത്ത ഡിവൈഎസ്പി പ്രമോട്ടഡ് പോസ്റ്റായി മാറി.
ബാറുകളുടെ അനുമതി അടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ അഡ്മിനിസ്ട്രേഷനില്‍ നിന്നാണ്. ജൂനിയറായിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു ഈ പോസ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഏറെ നാളായി ഈ പദവിയില്‍ ഉദ്യോഗസ്ഥന് ഇല്ലാതെ വന്നതോടെ ഐഒഎഫ്എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ചുമതല നല്‍കിയിരുന്നത്. ആറു മാസം മുമ്പ് അദ്ദേഹം ഒരു കേസില്‍പ്പെട്ട് മുങ്ങിയതോടെ സെക്രട്ടറിയേറ്റിലെ ജോ. സെക്രട്ടറി റാങ്കിലുള്ള ആള്‍ക്കാണ് നിലവില്‍ ഈ പദവി നല്‍കിയിരിക്കുന്നത്.
എക്സൈസ് വകുപ്പില്‍ മുതിര്‍ന്ന ജോയിന്റ് കമ്മീഷണര്‍മാര്‍ ഉള്ളപ്പോഴാണ് ചട്ടവിരുദ്ധമായി ഈ പദവി സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയ്ക്ക് നല്‍കിയിരിക്കുന്നതെന്നാണ് വകുപ്പില്‍ ആക്ഷേപം ഉയരുന്നത്. ബാറുടമകള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകാനാണ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
എക്സൈസ് വകുപ്പിനെക്കുറിച്ച് ശരിയായ അവബോധമില്ലാത്ത ഉദ്യോഗസ്ഥര്‍ തലപ്പത്ത് എത്തിയത് വകുപ്പിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ലഹരിവേട്ട കൃത്യമായി നടത്തുന്ന ഉദ്യോഗസ്ഥരെ ഒറ്റുകൊടുക്കുന്നവര്‍ വകുപ്പില്‍ തന്നെ ഉണ്ടെന്നിരിക്കെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനും അവര്‍ക്കെതിരേ പരാതി ഉണ്ടായാല്‍ സത്യാവസ്ഥ അറിയാനും മുതിര്‍ന്ന ഉദ്യോഗസ്ഥരില്ലെന്നും ആക്ഷേപമുണ്ട്.
ഇത്തരം സാഹചര്യത്തില്‍ സത്യസന്ധമായി ജോലി ചെയ്യുന്ന പല ഉദ്യോഗസ്ഥരും തങ്ങളെ ഏല്‍പ്പിച്ച ജോലി മാത്രം ചെയ്യുന്ന അവസ്ഥയിലേക്ക് മാറിയെന്നും ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
സീമ മോഹന്‍ലാല്‍