കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച് കടന്നുപോയ സംഭവത്തിൽ വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോമത്ത്കുന്നിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
കണ്ണൂർ എൻഫോഴ്സമെന്റ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മാരുതി എസ് ക്രോസ് കാർ എത്തിയത്.എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ സ്ക്വാഡിന്റെ വാഹനത്തിൽ ഇടിച്ചശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് സ്ക്വാഡ് ചക്കരക്കൽ പോലീസിൽ വിവരം അറിയിച്ചു.
വാഹനത്തിന്റെ ഉടമ കീഴ്മാടം സ്വദേശി റാഷിദിനെതിരേയും വാഹനം ഓടിച്ച ഡ്രൈവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. വാഹനത്തിന് ഇൻഷ്വറൻസ് ഇല്ലായിരുന്നുവെന്ന് എൻഫോഴ്സമെന്റ് സ്ക്വാഡ് അറിയിച്ചു.