നടന്‍ ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോ വിവാദങ്ങളും വിമര്‍ശനങ്ങളും ആഘോഷങ്ങളുമായി പൊടിപൊടിക്കുകയാണ്. ഇനി മത്സരത്തില്‍ അവശേഷിക്കുന്നത് അഞ്ച് പേര്‍ മാത്രം.എങ്ക വീട്ടു മാപ്പിളൈ എന്ന ഈ ഷോ കളേഴ്സ് ടിവി തമിഴിലാണ് സംപ്രേഷണം ചെയ്യുന്നത്.
മത്സരത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പതിനാറു പേരാണുണ്ടായിരുന്നത്. നിരവധി ടാസ്‌കുകളാണ് റിയാലിറ്റി ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ ടാസ്‌കുകളിലെ വിജയികളില്‍ നിന്നാണ് അവസാനത്തെ അഞ്ച് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. അബര്‍നദി, മലയാളിയായ സീതാ ലക്ഷ്മി, സൂസാന, അഗത, ശ്വേത എന്നിവരാണ് ഇനി മാറ്റുരയ്ക്കുന്നത്. ഈ അഞ്ചുപേരില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുക്കും. അതിന് ശേഷമാണ് അവസാനഘട്ടത്തിലെ പോരാട്ടം. അഞ്ച് പെണ്‍കുട്ടികളുടെ വീടുകളിലും ആര്യ പെണ്ണുകാണാന്‍ പോയിരുന്നു.
വിവാദങ്ങള്‍ സൃഷ്ടിച്ച് തുടക്കം മുതലേ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച പരിപാടിയായിരുന്നു എങ്ക വീട്ടു മാപ്പിളൈ. മുസ്ലിം ആയ ആര്യയുടെ വധുവാകാന്‍ മതം മാറാന്‍ തയ്യാറാകുമോ എന്ന് ഷോയിലെ മത്സരാര്‍ഥികളോട് പരിപാടിയില്‍ അതിഥിയായി എത്തിയ വരലക്ഷ്മി ചോദിച്ചത് വലിയ വിവാദമായിരുന്നു. പരിപാടി ‘ലൗ ജിഹാദാണോ’ എന്ന് ചോദിച്ച് തമിഴ്നാട്ടിലെ ബി.ജെ.പി നേതൃത്വം രംഗത്ത് വരികയും ചെയ്തു.
പരിപാടിയുടെ ഭാഗമായി മത്സരാര്‍ഥികളില്‍ ഒരാളുടെ കുംഭകോണത്തെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യയെ ചില വനിതാ സംഘടനകള്‍ വീടിനകത്ത് കടക്കാന്‍ സമ്മതിക്കാതെ പറഞ്ഞയച്ചുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ആര്യയും സംഘവും ചെന്നൈയിലേക്ക് തന്നെ തിരിച്ചു പൊന്നു.സാമൂഹിക മാധ്യമങ്ങളിലും ആര്യയ്ക്ക് നേരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇങ്ങനെയല്ല ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടത് എന്നും പെണ്‍കുട്ടികളുടെ മനസ്സ് വച്ച് കളിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.
തനിക്ക് ജീവിത പങ്കാളിയെ കണ്ടെത്തുവാന്‍ ഷോ നടത്തുന്നുവെന്ന് ആര്യ പ്രഖ്യാപിച്ചപ്പോള്‍ ഏഴായിരത്തിലധികം അപേക്ഷകളും ഒരുലക്ഷത്തോളം ഫോണ്‍കോളുകളുമാണ് ആര്യയെ തേടിയെത്തിയത്. എന്തായാലും ഷോ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമാവുമെന്ന് പ്രതീക്ഷിക്കാം.