പറക്കുന്നതിനിടയിൽ പ്രവർത്തനം നിലച്ച വിമാനം അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വൈറലാകുന്നു. സ്റ്റണ്ട് പൈലറ്റായ ചാഡ് ബാർബറാണ് എല്ലാം അവസാനിച്ചു എന്നു തോന്നിയടത്തു നിന്നും മനസാന്നിധ്യം നഷ്ടപ്പെടുത്താതെ വീണ്ടും പറന്നുയർന്നത്.
ഏകദേശം 2,500 അടി ഉയരത്തിൽ പറക്കുന്പോഴാണ് വിമാനത്തിന്റെ എഞ്ചിൻ പൂർണമായും നിലച്ചത്. തുടർന്ന് നിയന്ത്രണം നഷ്ടമായ വിമാനം തല കീഴായി മറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് വിമാനം താഴേക്കു പതിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം ഇലക്ട്രിക് സ്റ്റാർട്ടർ ഉപയോഗിക്കുകയും തുടർന്ന് വിമാനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കുകയുമായിരുന്നു. വിമാനം അന്തരീക്ഷത്തിലേക്ക് ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം.
വിമാനത്തിനുള്ളിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് മനസാന്നിധ്യം നഷ്ടപ്പെടാതെ ചാഡ് ബാർബർ നടത്തിയ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.