2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവിലാണ് മോന്സന് ആറു പേരില്‍നിന്നായി പത്തു കോടി രൂപ വാങ്ങിയത്.
വിദേശത്തുനിന്നു ബാങ്കില്‍ എത്തിയ 2.62 ലക്ഷം കോടി രൂപ ഫെമ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നവെന്നു പറഞ്ഞാണ് പ്രതി പരാതിക്കാരെ കുടുക്കിയത്.
ഈ പണം തിരികെ വാങ്ങാനായി എന്നു പറഞ്ഞാണ് പരാതിക്കാരില്‍നിന്നു പണം കൈപ്പറ്റിയത്. 25 വര്‍ഷമായി പുരാവസ്തു, വജ്ര ബിസിനസ് നടത്തുന്ന ആളാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
പ്രവാസി മലയാളി ഫെഡറേഷന് രക്ഷാധികാരി, വേള്‍ഡ് പീസ് കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികള്‍ വഹിക്കുന്നുണ്ടെന്നു അവരെ ബോധ്യപ്പെടുത്തി.
ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് തുടങ്ങിയെങ്കിലും പിന്നീട് അതു പത്തു കോടിയില്‍ വരെയെത്തി.
പണം നല്‍കുന്നവരെ വിശ്വസിപ്പിക്കാനായി ഡല്‍ഹി വരെ പ്രതി പോയിരുന്നതായി സൂചനയുണ്ട്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയാതായും അവരെ ബോധിപ്പിച്ചു.
കിംഗ് ലയര്‍
ഡോ. മാവുങ്കല്‍ എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. എങ്ങനെ ഡോക്ടറായി എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ഡിഗ്രി പാസായിട്ടു പോലുമില്ലാത്ത ഇയാള്‍ ഇന്ത്യ വിട്ടു പുറത്തുപോയിട്ടുമില്ല.
ആളുകളെ പറഞ്ഞു വീഴ്ത്താനുള്ള വാക്ചാതുരിയായിരുന്നു മോന്‍സന്റെ കൈമുതൽ. കോടികള്‍ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരവും ഉണ്ടായിരുന്നു.
കേടായ വാഹനങ്ങള്‍ ചെറിയ തുകയ്ക്കുവാങ്ങി വീട്ടില്‍ കൊണ്ടുവന്നിട്ട് ആളു ചമയലായിരുന്നുവെന്ന സംശയമാണ് ക്രൈംബ്രാഞ്ചിനുള്ളത്.
ഇയാള്‍ പുറത്തേക്കു പോകുമ്പോള്‍ തോക്കുപിടിച്ച അംഗരക്ഷകരെ പോലെ അഞ്ചാറു പേര് എപ്പോഴും കൂടെ ഉണ്ടാകും.
ഉന്നത വ്യക്തികളുടെ കൂടെനിന്നു ചിത്രമെടുത്ത് അവരുമായുള്ള ബന്ധം പറഞ്ഞു തട്ടിപ്പു നടത്തുകയായിരുന്നു ഇയാളുടെ രീതി.
ഹോളിസ്റ്റിക് മെഡിസിനില്‍ ഡോക്ടറേറ്റ് ഉണ്ടെന്നു മോന്സന് പ്രചരിപ്പിച്ചിരുന്നു. ഒന്നിലേറെ ഫോണുകള്‍ ഉപയോഗിച്ചിരുന്നു.
ചേര്‍ത്തലയിലെ സ്വന്തം നാട്ടിലെ പെരുന്നാളിന് ഇയാള്‍ മെഗാഷോയാണ് നടത്തിയത്. കോടികള്‍ മുടക്കിയായിരുന്നു ഈ ആഘോഷം നടത്തിയത്.
ഇയാളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ക്കായി എത്ര തുക മുടക്കാനും മോന്സന് ഒരുക്കമായിരുന്നു.
ആഘോഷത്തിന് ലക്ഷങ്ങൾ
പല അടുപ്പക്കാരുടെയും പിറന്നാള്‍ ആഘോഷം പോലെയുള്ളവയ്ക്കു മോന്സന് ലക്ഷങ്ങള്‍ ചെലവഴിച്ചതായാണ് വിവരം.
ഡോക്ടറാണെന്നും വിമാനയാത്രയില്‍ പരിചയപ്പെട്ട മൈസൂര്‍ രാജാവ് നരസിംഗവൊഡയാറുമായുള്ള ബന്ധമാണു പുരാവസ്തു ശേഖര രംഗത്തേക്ക് എത്തിച്ചതെന്നുമാണ് ഇയാള്‍ പ്രചരിപ്പിച്ചത്.
ഇവയില്‍ പലതും തിരുവനന്തപുരത്തെ ആശാരിയാണ് നിര്‍മിച്ചു നല്‍കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
കോസ്മോസ് ഗ്രൂപ്പ്, കലിംഗ കല്യാണ്‍ ഫൗണ്ടേഷന് എന്നീ പേരുകളിലുള്ള സ്ഥാപനങ്ങളുടേതായിട്ടാണ് ഇയാളുടെ വെബ് സൈറ്റ്.
എന്നാല്‍, കലിംഗ കല്യാണ്‍ ഫൗണ്ടേഷന്റെ മറവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്.
മോന്സന് മാവുങ്കല്‍ ഡോട് കോം എന്നതായിരുന്നു വെബ്സൈറ്റ്. മോന്സന് മാവുങ്കല്‍ എന്ന യുട്യൂബ് ചാനലുമുണ്ട്.
അതില്‍ തന്റേതായ വാര്‍ത്തകളും ദൃശ്യങ്ങളും അപ്ലോഡ് ചെയ്തിട്ടുമുണ്ട്. പ്രമുഖരായ പലരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
കേരള പോലീസിലെ പല പ്രമുഖരായ ഉദ്യോഗസ്ഥരുമായിട്ടും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് മോന്സന് ക്രൈംബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എൻജിൻ ഒൗട്ട് കംപ്ലീറ്റ്ലി
മോന്‍സന്റെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങള്‍ വ്യാജമെന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ഫെരാരി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇയാള്‍ രൂപമാറ്റം വരുത്തിയിരിക്കുകയാണ്.
മധ്യപ്രദേശ് രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും സംശയത്തിന്റെ നിഴലിലാണ്. വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ്സൈറ്റിലും ലഭ്യമല്ല.
എട്ടു വാഹനങ്ങളില്‍ ഒരെണ്ണം മാത്രമാണ് മോന്‍സന്റെ പേരിലുള്ളുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.
കുറഞ്ഞ വിലയ്ക്ക് ഇയാള്‍ വാഹനങ്ങള്‍ വാങ്ങി രൂപമാറ്റം വരുത്തിയിരിക്കുകയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
(തുടരും)