നേമം : വർഷങ്ങളായി നെൽകൃഷി മുടങ്ങി കിടക്കുന്ന കോലിയക്കോട് പാടശേഖരത്തിൽ മണിര്തനം വിളയിക്കാൻ എൻജിനിയറിംഗ് വിദ്യാർത്ഥികൾ. നഗരസഭയുടെ ഭാഗമായ എസ്റ്റേറ്റ്, നേമം വാർഡുകളിൽ ഉൾപ്പെടുന്ന കോലിയക്കോട് പാടത്താണ് എൻജിനിയറിംഗ് വിദ്യാർത്ഥികൾ മണിരത്ന ഇനത്തിൽപ്പെട്ട ഞാറ് നട്ടത്. പാടശേഖരത്തിലെ മുപ്പത് സെന്റ് വരുന്ന ഒരു പാടത്താണ് നെൽകൃഷി നടത്താൻ വിദ്യാർത്ഥികൾ കൃഷിയിറക്കിയത്.
പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിലെ ടെക്നിക്കൽ സെല്ലിലെ രണ്ടു യൂണിറ്റുകളിലെ വിദ്യാർത്ഥികളാണ് തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തി കഴിഞ്ഞ ദിവസം ഞാറ് നട്ടത്. കുറച്ചുകാലമായി കൃഷി മുടങ്ങി കിടന്നതിനാൽ കാട് കയറിയ പാടം വിദ്യാർത്ഥികൾ തന്നെ വൃത്തിയാക്കി നിലമൊരുക്കി.
നേമം കൃഷിഭവനിൽ നിന്നും ലഭിച്ച മണിരത്ന നെൽവിത്താണ് പാകിയത്. 85-90 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന ഇനമാണ് മണിരത്ന. കോലിയക്കോട് പാടത്ത് ഇതിനുമുന്പും ഈ കോളേജിലെ മുൻ എൻ.എസ്.എസ്. യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ പാടത്ത് കൃഷിയിറക്കി വിജയകരമായി വിളവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയെങ്കിലും അതിന്റെ സാന്പത്തിക സഹായങ്ങളൊന്നും കൃഷിവകുപ്പ് മുഖനേ കർഷകർക്ക് ലഭിക്കാത്തതിനാൽ കൃഷി വീണ്ടും മുടങ്ങുകയായിരുന്നു.
ഒരുകാലത്ത് ഏക്കർ കണക്കിന് നെൽകൃഷിയുണ്ടായിരുന്ന കോലിയക്കോട് പാടം ഇന്ന് നികത്തൽ ഭീഷണിയിലാണ്. പാപ്പനംകോട്- മലയിൻകീഴ് റോഡിന്റെ ഇരുവശങ്ങളിലായി കിടക്കുന്ന പാടങ്ങൾ കാട് കയറിയും മാലിന്യങ്ങൾ നിറഞ്ഞും കിടക്കുകയാണ്. പാടത്തിന്റെ നടുവിലൂടെയുളള തോട്ടിൽ കനാൽ വഴി വെള്ളം എത്താത്തത് കൃഷിയെ ബാധിച്ചിട്ടുണ്ട്.
വെള്ളായണി മുതൽ കോലിയക്കോട് വരെ വെള്ളമെത്തുന്ന കൈത്തോടുകൾ അടഞ്ഞുകിടക്കുന്നത് കാരണമാണ് കോലിയക്കോട് തോട്ടിൽ വെള്ളമെത്താത്തതിന് കാരണം. തോട്ടിൽ വെള്ളമിലാത്തതിനാൽ വിദ്യാർത്ഥികൾ നട്ട പാടത്ത് സമീപത്തെ വീടുകളിലെ കിണറുകളിൽ നിന്നാണ് വെള്ളം പന്പ് ചെയ്യുന്നത്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ റെജിമോൻ, ശുഭ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളുടെ പ്രവർത്തനം.