നാഗ്പുർ: പരീക്ഷകളിൽ തുടർച്ചയായി തോറ്റപ്പോൾ എൻജിനീയറിംഗ് പഠനം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട മാതാപിതാക്കളെ 25 കാരനായ വിദ്യാർഥി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണു സംഭവം.
ലീലാധർ ദഖോലെ (55), ഭാര്യ അരുണ ദഖോലെ (50) എന്നിവരാണു മരിച്ചത്. ഡിസംബർ 26 നാണ് സംഭവം നടന്നതെങ്കിലും ഇന്നലെ ഇവരുടെ മൃതദേഹങ്ങൾ നഗരത്തിലെ വീടിനുള്ളിൽ കണ്ടെത്തിയതോടെയാണു കൊലപാതകവിവരം പുറത്തുവന്നത്. സംഭവത്തിൽ ദമ്പതികളുടെ മകനായ ഉത്കർഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
എൻജിനിയറിംഗ് പരീക്ഷകളിൽ മകൻ തുടർച്ചയായി പരാജയപ്പെട്ടതോടെ വേറെ വിഷയം തെരഞ്ഞെടുക്കാനും മറ്റൊരു കോളജിലേക്ക് മാറാനും മാതാപിതാക്കൾ സമ്മർദം ചെലുത്തിയിരുന്നു. ഇതിൽ പ്രകോപിതനായ ഉത്കർഷ് ആദ്യം അമ്മയെ കഴുത്തുഞെരിച്ച് കൊല്ലുകയും പിന്നീട് അച്ഛനെ കുത്തുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഈ വിവരം അറിയുന്നതിനു മുൻപേ സഹോദരിയെ പ്രതി ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചു. കുറച്ച് ദിവസത്തേക്ക് മാതാപിതാക്കൾ ഒരു ധ്യാന പരിപാടിയിൽ പങ്കെടുക്കാൻ പോകുകയാണെന്നും അവിടെ മൊബൈൽ ഫോണുകൾ അനുവദനീയമല്ലെന്നും അയാൾ അവളോട് പറഞ്ഞു. വീട്ടിൽനിന്നു ദുഗന്ധം വമിച്ചതോടെ അയൽവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.