സീനിയേഴ്സായ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും രംഗം വീഡിയോയില്‍ പകര്‍ത്തി ഒരു വര്‍ഷമായി ഭീഷണിപ്പെടുത്തുകയുമാണെന്ന് ആരോപിച്ച് പോലീസിന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയുടെ പരാതി. ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
ശിവ റെഡ്ഡി, കൃഷ്ണ വംശി എന്നിങ്ങനെ രണ്ടു യുവാക്കള്‍ക്കെതിരേയാണ് യുവതി ആദ്യം പരാതി നല്‍കിയിരിക്കുന്നത്. പിന്നീട് ഡി പ്രവീണ്‍ എന്ന മറ്റൊരു യുവാവിനെയും പോലീസ് പിടികൂടി.
2017 ഫെബ്രുവരിയില്‍ ഒരു ഹോട്ടലിലെ പാര്‍ട്ടിക്കിടയില്‍ പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ന്ന് നല്‍കിയ ശേഷം പെണ്‍കുട്ടിയെ രണ്ടുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുക ആയിരുന്നു. അതിന് ശേഷം രംഗം വീഡിയോയില്‍ പകര്‍ത്തി.
പിന്നീട് പല തവണ ഈ രംഗം കാട്ടി ഭീഷണിപ്പെടുത്തി പല തവണ ബലാത്സംഗം ആവര്‍ത്തിക്കുകയും ചെയ്തു. പീഡനം അസഹനീയമായ സാഹചര്യത്തില്‍ പെണ്‍കുട്ടി കോളേജ് മാനേജ് മെന്റിന് പരാതി നല്‍കി. പോലീസിന് പരാതി കൈമാറുന്നതിന് പകരം മാനേജ്മെന്റ് കുട്ടികളെ വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
കേസിലെ മൂന്നാമത്തെ പ്രതി രണ്ടു മാസം മുമ്പാണ് രംഗപ്രവേശം ചെയ്തത്. വീഡിയോ കാട്ടി തനിക്ക് വഴങ്ങിയില്ലെങ്കില്‍ വീഡിയോ പുറത്തു വിടുമെന്ന ഭീഷണിയാണ് ഇയാള്‍ മുഴക്കിയത്. ഇക്കാര്യം വീട്ടില്‍ പറഞ്ഞ പെണ്‍കുട്ടി മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
രണ്ടു മാസം മുമ്പ് പെണ്‍കുട്ടി തന്റെ പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡി പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഭീഷണിയുമായി പുതിയതായി സമീപിച്ചത്.
തന്റെ കയ്യില്‍ അന്നു നടന്ന സംഭവത്തിന്റെ കോപ്പി ഉണ്ടെന്നും തനിക്ക് വഴങ്ങിയില്ല എങ്കില്‍ വീഡിയോ വെബ്സൈറ്റ് വഴി പുറത്തു വിടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പെണ്‍കുട്ടി വിവരം സ്വന്തം പിതാവിനെ അറിയിക്കുകയും ഇരുവരും വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.