വൈറ്റ് കോളര് ജോലി ഉപേക്ഷിച്ച് ശാന്തവും സമാധാനപരവുമായ ജോലികള് ചെയ്യാനിറങ്ങുന്ന ആളുകള് പലപ്പോഴും വാര്ത്തകളില് ഇടംപിടിക്കാറുണ്ട്.
ഇത്തരത്തില് എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് ബിരിയാണിക്കട തുടങ്ങിയ രണ്ടു ചെറുപ്പക്കാരാണ് ഇപ്പോള് ശ്രദ്ധേയരാകുന്നത്.
ഹരിയാനയില് നിന്നുള്ള എഞ്ചിനീയര് സുഹൃത്തുക്കളായ രോഹിത്, സച്ചിന് എന്നിവരാണ് തങ്ങളുടെ ജോലിയിലും, ശമ്പളത്തിലും അതൃപ്തരായതിനെ തുടര്ന്ന് ജോലി ഉപേക്ഷിച്ച് ഒരു ബിരിയാണിക്കട തുടങ്ങിയത്.
രോഹിത് പോളിടെക്നിക്കിലും സച്ചിന് ബിടെക്കിലുമായിരുന്നു ബിരുദം നേടിയത്. രണ്ടുപേര്ക്കും ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി.
എന്നാല്, രണ്ട് യുവാക്കളും അവരുടെ ജോലിയില് അതൃപ്തരായിരുന്നു. ഇതോടെയാണ് സ്വന്തമായി ഒരു ബിസിനസ് എന്ന ചിന്തയിലേക്ക് ഇരുവരും എത്തിയത്.
തുടര്ന്ന് ഒരു വെജ് ബിരിയാണി സ്റ്റാള് തുടങ്ങി. ഇപ്പോള് തങ്ങള്ക്ക് ജോലിയില് കിട്ടിയതിനേക്കാള് വരുമാനം ലഭിയ്ക്കുന്നുവെന്നും ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുകയാണെന്നുമാണ് ഇവര് പറയുന്നത്.
സോനിപട്ട് പോലുള്ള പോഷ് ഏരിയകളിലാണ് അവര് സ്റ്റാള് ഇട്ടിരിക്കുന്നത്. ബിരിയാണി ഹാഫ് പ്ലേറ്റിന് 50 രൂപയും ഫുള് 70 രൂപയുമാണ് വില.
എണ്ണയില്ലാത്ത ഹെല്ത്തിയായ ബിരിയാണിയാണ് തങ്ങളുടേതെന്ന് അവര് അവകാശപ്പെടുന്നു.
ഡയറ്റ് ചെയ്യുന്ന ജിം പ്രേമികള് പോലും ഇവിടെ വന്ന് ഈ എണ്ണയില്ലാത്ത ബിരിയാണി കഴിക്കുന്നു. എപ്പോഴും നല്ല തിരക്കാണ് കടയില് എന്നും അവര് പറഞ്ഞു.
എന്നാല്, വര്ഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച എന്ജിനീയര് ജോലി തങ്ങള് ഉപേക്ഷിക്കുകയാണ് എന്ന് ആദ്യം പറഞ്ഞപ്പോള് വീട്ടുകാര് അംഗീകരിച്ചില്ല.
പക്ഷേ, അവര്ക്ക് തങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് ശരിയായ ബോധ്യമുണ്ടായിരുന്നു. ”ജോലി ഉപേക്ഷിച്ച് ബിരിയാണി കട തുടങ്ങാന് ആദ്യം അല്പം ഭയമുണ്ടായിരുന്നു. എന്നാല് ഇപ്പോള് ഞങ്ങളുടെ ബിരിയാണി എല്ലാവര്ക്കും ഇഷ്ടമാണ്.
ഞങ്ങളുടെ ബിരിയാണി കഴിക്കാന് ആളുകള് ദൂരെ സ്ഥലങ്ങളില് നിന്ന് വരുന്നു. ഗുണനിലവാരത്തില് ഞങ്ങള് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല” യുവാക്കള് പറയുന്നു.
ഓഫീസ് സമയം മുതല് രാത്രി വൈകും വരെ കട തുറന്നിരിക്കുന്നതിനാല്, ദിവസം മുഴുവന് നൂറുകണക്കിന് പ്ലേറ്റ് ബിരിയാണിയാണ് വില്ക്കുന്നത്.
ആളുകള് തങ്ങളുടെ ബിരിയാണി ഇഷ്ടപ്പെടുന്നുവെന്നും അതുമൂലം തങ്ങള്ക്ക് നല്ല വരുമാനം നേടാനാകുന്നുവെന്നും രോഹിതും സച്ചിനും അവകാശപ്പെടുന്നു.