യൂറോപ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ചും ബ്രിട്ടനിലെത്തിയാല്‍ ജീവിതം സുഖകരമാകുമെന്ന് വിശ്വസിക്കുന്നവരാണേറെയും പ്രത്യേകിച്ച് മലയാളികള്‍. എന്‍എച്ച്എസ് പോലുള്ള ക്ഷേമ പദ്ധതികളും മറ്റനേകം ബെനഫിറ്റുകളും ബ്രിട്ടനെ കുടിയേറ്റക്കാരുടെ ഇഷ്ട ഭൂമിയാക്കി മാറ്റുന്നു. ബെനഫിറ്റുകള്‍ ദുരുപയോഗം ചെയ്യുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനാണ് ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് നടപ്പിലായതും യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടീഷ് ജനത തീരുമാനിച്ചതും. എന്നാല്‍, എല്ലാവരും കരുതുന്നതുപോലെ സുഖസുന്ദരമായ സ്വര്‍ഗം മാത്രമല്ല ബ്രിട്ടന്‍ എന്ന് ഇതിനോടകം മനസ്സിലാക്കിയ ആയിരങ്ങള്‍ ഇവിടെയുണ്ട്.
ബ്രിട്ടനിലെ ഇക്കൊല്ലത്തെ ഏറ്റവും തണുപ്പേറിയ രാത്രികളിലൊന്നായിരുന്നു അത്. എന്നാല്‍, സെന്‍ട്രല്‍ ലണ്ടനിലെ ഓക്‌സ്ഫഡ് സ്ട്രീറ്റില്‍ കഴിയുന്ന 33കാരന്‍ മൈക്കലിന് അത് നരകരാത്രികളില്‍ ഒന്നുമാത്രവും. തെരുവിലാണ് മൈക്കലിന്റെ ഉറക്കം. റോഡരുകിലൊരുക്കിയ താല്‍ക്കാലിക കൂടാരത്തിലാണ് ഇയാളുടെ ഉറക്കം. മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് ബ്രിട്ടനിലെത്തിയതാണ് മൈക്കല്‍. എന്നാല്‍, സ്വപ്നങ്ങളൊക്കെ ഇന്ന് തെരുവോരത്തെ ഈ താല്‍ക്കാലിക കൂടാരത്തിലൊതുങ്ങുന്നു.
കൈയിലുള്ള വിലപിടിച്ച വസ്തുക്കള്‍ ചെറിയൊരു ബാഗിലാക്കി കഴുത്തില്‍ കെട്ടിയിട്ടാണ് മൈക്കലിന്റെ ഉറക്കം. മൈനസ് രണ്ട് താപനിലയില്‍നിന്ന് രക്ഷപ്പെടാന്‍ ആകെയുള്ളത് സ്ലീപ്പിങ് ബാഗും നേര്‍ത്തൊരു ബ്ലാങ്കറ്റും മാത്രം. മൈക്കലിനെപ്പോലെ തെരുവോരത്ത് അന്തിയുറങ്ങുന്നവര്‍ ബ്രിട്ടനില്‍ നാലായിരത്തോളം പേരുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പഭവനരഹിതരായ ആളുകളുടെ എണ്ണം രണ്ടുവര്‍ഷം കൊണ്ട് ഇരട്ടിയിലേറെ വര്‍ധിച്ചതായാണ് കണക്കാക്കിയിയിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പ് തെരുവോരത്ത് ഉറങ്ങിയിരുന്നത് 1768 പേരാണെങ്കില്‍ ഇന്നത് 4134 പേരായി. ഇതിലേറെപ്പേരും ലണ്ടനിലാണ്. ഭവനരഹിതരില്‍ 23 ശതമാനമാണ് ലണ്ടനിലെ തെരുവോരങ്ങളില്‍ സ്ലീപ്പിങ് ബാഗിനുള്ളില്‍ ജീവിതം വിറച്ചുതള്ളുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും തെരുവുകളില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.