ദുബായ്: ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കൾ ടെസ്റ്റിലെ തങ്ങളുടെ 1000-ാമത് മത്സരത്തിനായി ഒരുങ്ങുന്നു. നാളെ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ടിന്റെ 1000-ാമത് അഞ്ചുദിന പോരാട്ടമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം 1000 ടെസ്റ്റ് മത്സരം പൂർത്തിയാക്കുന്നത്.
ചരിത്ര ടെസ്റ്റിനിറങ്ങുന്ന ഇംഗ്ലണ്ടിന് ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ഇന്നലെ അഭിനന്ദനങ്ങൾ അറിയിച്ചു. 1877 മാർച്ചിലാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ഓസ്ട്രേലിയയായിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളി. മെൽബണിലായിരുന്നു മത്സരം. 812 മത്സരം പൂർത്തിയാക്കിയ ഓസ്ട്രേലിയ ടെസ്റ്റ് എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്.
പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരം പൂർത്തിയാക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ക്രിക്കറ്റ് കുടുംബത്തിന്റെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ക്രിക്കറ്റിന്റെ അതിപുരാതന ഫോമായ ടെസ്റ്റിൽ ഇനിയും വളരയേറെ മികവാർന്ന താരങ്ങളെ സംഭാവന ചെയ്യാൻ ഇംഗ്ലണ്ടിനു സാധിക്കട്ടെ – ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ പ്രസ്താവനയിലൂടെ അറിയിച്ചു.
നാളെ ടെസ്റ്റ് മത്സരം തുടങ്ങുന്നതിനു മുന്പ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന് അഭിനന്ദന സൂചകമായി ഐസിസി വെള്ളി ഫലകം സമ്മാനിക്കും. ന്യൂസിലൻഡ് മുൻ ക്യാപ്റ്റനും ഐസിസി അംഗവുമായ ജെഫ് ക്രോ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കോളിൻ ഗ്രേവ്സിനു ഫലകം കൈമാറും.
എഗ്ബാസ്റ്റണിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പരന്പരയിലെ ആദ്യ ടെസ്റ്റ്. ഇരു ടീമുകളും തമ്മിലുള്ള 118-ാമത് ടെസ്റ്റ് മത്സരത്തിനാണ് നാളെ തുടക്കം കുറിക്കുക. ഇരുവരും മുഖാമുഖം ഇറങ്ങിയതിൽ 43 വിജയം ഇംഗ്ലണ്ടിനായിരുന്നു. 25 എണ്ണത്തിൽ ഇന്ത്യ ജയം നേടി. 1932ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ടെസ്റ്റ് പോരാട്ടം ആരംഭിച്ചത്. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ചപ്പോൾ 30 ജയം അവർക്കായിരുന്നു. ആറു തവണമാത്രമാണ് ഇന്ത്യക്ക് ജയിക്കാൻ സാധിച്ചത്. 21 എണ്ണം സമനിലയിൽ കലാശിച്ചു.
എഗ്ബാസ്റ്റണിൽ ഇംഗ്ലണ്ട് 50 ടെസ്റ്റ് മത്സരം പൂർത്തിയാക്കിയിട്ടുണ്ട്. 1902ൽ ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇംഗ്ലണ്ട് എഗ്ബാസ്റ്റണിൽ ആദ്യ മത്സരം കളിച്ചത്. തുടർന്നുള്ള പോരാട്ടങ്ങളിൽ 27 വിജയം ഈ പിച്ചിൽ ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോൾ പരാജയപ്പെട്ടത് എട്ടെണ്ണം മാത്രം. 15 മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ ഇന്ത്യ എഗ്ബാസ്റ്റണിൽ ആറ് ടെസ്റ്റുകൾക്ക് ഇറങ്ങി. അതിൽ അഞ്ച് എണ്ണത്തിലും പരാജയമായിരുന്നു ഫലം. ഒരെണ്ണം സമനില നേടിയതാണ് ഈ പിച്ചിലെ ഇന്ത്യയുടെ മികച്ച പ്രകടനം.
ടെസ്റ്റ് ക്രിക്കറ്റിലെ 2000-ാമത് മത്സരം നടന്നത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരുന്നു. ഇംഗ്ലണ്ട് ആയിരം മത്സരം പൂർത്തിയാക്കുന്പോൾ എതിരാളികൾ ഇന്ത്യയാണെന്നതും രസകരമാണ്. ഇന്ത്യയുടെ 523-ാമത് ടെസ്റ്റ് മത്സരമാണ് നാളെ ആരംഭിക്കുക. 145 വിജയം നേടിയപ്പോൾ 160ൽ ഇന്ത്യ പരാജയപ്പെട്ടു. 216 എണ്ണം സമനിലയിലും ഒരെണ്ണം ടൈയിലും കലാശിച്ചു.
999
ഓസ്ട്രേലിയയ്ക്കെതിരേ 1877ലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ മത്സരം കളിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ മത്സരമായിരുന്നു അന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ മെൽബണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറിയത്. മത്സരത്തിൽ ഓസ്ട്രേലിയ 45 റണ്സിനു ജയിച്ചു. 999 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ ഇംഗ്ലണ്ട് 357 ജയം നേടി. 345 മത്സരങ്ങൾ സമനിലയിലായപ്പോൾ 297 തോൽവി വഴങ്ങി.