ബ്രിസ്റ്റോള്‍: ഏതു വലിയ സ്കോറും അനായാസം പിന്തുടര്ന്നു ജയിക്കാനാകുമെന്ന് തെളിയിച്ചുകൊണ്ട് ഇംഗ്ലണ്ട് എതിരാളികള്‍ക്കെല്ലാം പേടി സ്വപ്നമായിരിക്കുകയാണ്.ഇംഗ്ലണ്ട് മണ്ണിലാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് നടക്കുന്നത് എന്ന കാരണംകൊണ്ട് ഈ പേടി കൂടും. പാക്കിസ്ഥാനെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ 359 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് ഓവര്‍ ബാക്കിയിരിക്കേ ലക്ഷ്യം കണ്ടെത്തി. പാക്കിസ്ഥാന്റെ ബൗളിംഗ് അത്ര മികച്ചതല്ലെങ്കിലും വന്‍ സ്കോര്‍ ഒട്ടും പേടിയില്ലാതെ പിന്തുടര്ന്ന് കീഴടക്കാനാകുമെന്ന് ഇംഗ്ലണ്ട് വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ ആദ്യ ഏഴുപേരും അതിനായി കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിവുള്ളവരുമാണ്. റണ്‍സ് പിന്തുടര്ന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഇംഗ്ലണ്ട്് പാക്കിസ്ഥാനെതിരേ നേടിയത്. ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ ജയമാണ് ഏറ്റവും വലുത് (വെസ്റ്റ് ഇന്‍ഡീസ് 360; ഇംഗ്ലണ്ട് 364) സ്വന്തം നാട്ടില്‍ റണ്‍സ് പിന്തുടര്‍ന്ന തുടര്‍ച്ചയായ 15 കളിയിലും ഇംഗ്ലണ്ട് ജയിച്ചു. ഓപ്പണിംഗിലെ ജോണി ബെയര്‍സ്റ്റോ-ജേസണ്‍ റോയ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ജയങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. സ്വന്തം നാട്ടില്‍ 2015 സെപ്റ്റംബര്‍ അഞ്ചിന് ഓസ്ട്രേലിയയോടാണ് റണ്‍സ് പിന്തുടര്ന്ന് ജയിക്കുന്നതില്‍ ഇംഗ്ലണ്ട് അവസാനമായി പരാജയപ്പെട്ടത്.
മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സാധാരണയായി ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാറുള്ള ഇംഗ്ലണ്ടിനെ ഇത്തവണ നായകന് ഇയോന്‍ മോര്ഗന് ചേസിംഗിനാണ് തയാറാക്കിയത്. ലോകകപ്പ് വരുന്നതിനുമുമ്പ് ടീമിനു പരിചയസമ്പത്തു ലഭിക്കുന്നതിനാണ് നായകന് ഈ തീരുമാനം കൈക്കൊണ്ടത്.
ഇമാം ഉള് ഹഖിന്റെ സെഞ്ചുറി (131 പന്തില്‍ 151) കരുത്തില്‍ പാക്കിസ്ഥാന് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 358 റണ്‍സ് നേടി. എന്നാല്‍ ബെയര്‍സ്റ്റോയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ (93 പന്തില്‍ 128) മികവില്‍ ഇംഗ്ലണ്ട് 44.5 ഓവറില്‍ നാലു വിക്കറ്റിന് 359 റണ്‍സിലെത്തി. പരമ്പര 2-0ന് ആതിഥേയര്‍ സ്വന്തമാക്കി. പരമ്പരയില്‍ ഇനി രണ്ടു മത്സരം കൂടിയുണ്ട്. മോര്‍ഗന്റെ തീരുമാനം പോലെ ഇംഗ്ലണ്ടിന് അനായാസ ജയം നല്കാന് ബാറ്റ്സ്മാന്മാര്ക്കായി. ജേസണ്‍ റോയ് (55 പന്തില്‍ 76), ജോ റൂട്ട് (36 പന്തില്‍ 43), മോയിന്‍ അലി (36 പന്തില്‍ 46), ബെന്‍ സ്റ്റോക്സ് ( 38 പന്തില്‍ 37), മോര്ഗന് (12 പന്തില്‍ 17) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
സതാംപ്ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായിരുന്ന ജോസ് ബട്ലര്ക്കു വിശ്രമം നല്കിയ മത്സരത്തില്‍ പാക്കിസ്ഥാന്റെ സ്കോര്‍ ശരിക്കും വെല്ലുവിളിക്കുന്നത് തന്നെയായിരുന്നു. എന്നാല്‍ ബെയര്‍സ്റ്റോ-റോയ് കൂട്ടുകെട്ട് 18 ഓവറില്‍ 159 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ടിന് ജയം അനായാസമായി.
21ല്‍ നില്‍ക്കേ റോയിയെ പിടികൂടുന്നതിന് ലഭിച്ച അവസരം ഷഹീന് ഷാ അഫ്രിദി നഷ്ടമാക്കിയിരുന്നു. ഇരുവരും പാക്കിസ്ഥാന്റെ പരിചയസമ്പത്തില്ലാത്ത പേസ് നിരയെ ആക്രമിച്ചതോടെ പന്തു ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പാഞ്ഞു. എട്ടു ഫോറും നാലു സിക്സും നേടി തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ റോയിയെ ഫഹീം അഷ്റഫ് ആസിഫ് അലിയുടെ കൈകളിലെത്തിച്ചു.
ആക്രമിച്ചു കളിച്ച ബെയര്‍സ്റ്റോ 74 പന്തില്‍ 12 ഫോറിന്റെയും മൂന്നു സിക്സിന്റെയും അകമ്പടിയില്‍ കരിയറിലെ ഏഴാമത്തെയും പാക്കിസ്ഥാനെതിരേ ആദ്യത്തെയും സെഞ്ചുറിയിലെത്തി. ബെയര്‍സ്റ്റോ-റൂട്ട് രണ്ടാം വിക്കറ്റ് സഖ്യത്തില്‍ 75 റണ്‍സാണ് പിറന്നത്. ഇംഗ്ലണ്ടിനെ ജയത്തോടടുപ്പിച്ചശേഷമാണ് ബെയര്‍സ്റ്റോ പുറത്താകുന്നത്. 15 ഫോറും അഞ്ചു സിക്സും പറത്തിയ താരത്തെ ജുനൈദ് ഖാന് ക്ലീന്‍ബൗള്‍ഡാക്കി. ഇംഗ്ലണ്ട് സ്കോര്‍ അപ്പോള്‍ 29 ഓവറില്‍ 234 റണ്‍സിലെത്തിയിരുന്നു. പിന്നീടെത്തിയവരില്‍ രണ്ടു ഫോറും അത്രതന്നെ സിക്സുമായി സ്റ്റോക്സും നാലു ഫോറും മൂന്നു സിക്സുമായി അലിയും തിളങ്ങിയതോടെ സമ്മർദങ്ങളൊന്നുമില്ലാതെ ഇംഗ്ലണ്ട് 31 പന്ത് ബാക്കി നില്‍ക്കേ ജയിച്ചു.
തിളങ്ങി ഇമാം ഉൾ ഹഖ്
തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷമാണ് പാക്കിസ്ഥാന് മികച്ച സ്കോറിലേക്കെത്തിയത്. രണ്ടു വിക്കറ്റിന് 27 റണ്‍സ് എന്ന നിലയില്‍നിന്ന പാക്കിസ്ഥാനെ ഇമാം ഉള് ഹഖിന്റെ പ്രകടനമാണ് മികച്ച സ്കോറിലേക്കു നയിച്ചത്. 97 പന്തിലാണ് ഇമാം സെഞ്ചുറി നേടിയത്. 27 ഏകദിനത്തില്‍ താരത്തിന്റെ ആറാമത്തെയും ഇംഗ്ലണ്ടിനെതിരേ ആദ്യത്തേതുമാണ്. 16 ഫോറും ഒരു സിക്സും പറത്തിയ ഇമാം കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലെത്തിയശേഷം ടോം കറന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സിംബാബ്വേയ്ക്കെതിരേ നേടിയ 128 റണ്‍സാണ് ഇമാം മറികടന്നത്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഒരു പാക്കിസ്ഥാന് ബാറ്റ്സ്മാന്റെ ഉയര്‍ന്ന സ്കോറും ഇമാമിന്റെ 151 ആണ്. ആസിഫ് അലി (43 പന്തില്‍ 52), ഹാരിസ് സൊഹൈല്‍ (41 പന്തില്‍ 41) എന്നിവരും മികവ് പുറത്തെടുത്തു.
ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ സ്ഥാനം ലക്ഷ്യമിടുന്ന പേസര്‍ ക്രിസ് വോക്സ് 10 ഓവറില്‍ 67 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ടോം കറന് രണ്ടു വിക്കറ്റും വീ ഴ്ത്തി.