ബിർമിംഗ്ഹാം: ശക്തമായ പോരാട്ടത്തിൽ നസോമി ഒക്കുഹാരയെ വീഴ്ത്തി ഇന്ത്യയുടെ പി.വി സിന്ധു ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് സെമിയിൽ കടന്നു. ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഗെയിം നഷ്ടപ്പെട്ട സിന്ധു നിർണായകമായ രണ്ടും മൂന്നു ഗെയിമുകൾ സ്വന്തമാക്കിയാണ് സെമിയിലേക്ക് മാർച്ച് ചെയ്തത്. സ്കോർ: 22-20, 18-21, 21-18.
ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിലൊന്നായിരുന്നു സിന്ധു-ഒക്കുഹാര ക്വാർട്ടർ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ ഗെയിമിലും നടന്നത്. ആദ്യ ഗെയിമിൽ തുടക്കം മുതൽ ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടന്നത്. എന്നാൽ 20-20 എന്ന സ്കോറിൽ ഇരട്ട പോയിന്റുകൾ കരസ്ഥമാക്കിയ ഒക്കുഹാര ആദ്യ ഗെയിം നേടി.
രണ്ടാം ഗെയിമിൽ മിന്നൽപിണറായ സിന്ധു ഒക്കുഹാരയെ കടന്ന് മുന്നേറി. എന്നാൽ സ്കോർ 16-14 ൽനിന്ന് കുതിപ്പ് നടത്തിയ ഒക്കുഹാര 16-18 ൽ എത്തിച്ച് സിന്ധുവിനെ വെല്ലുവിളിച്ചു. അപകടം മണത്ത സിന്ധു ഒക്കുഹാരയെ അനങ്ങാൻവിടാതെ തുടരെ അഞ്ച് പോയിന്റുകൾ സ്വന്തമാക്കി ഗെയിം പിടിച്ചെടുത്തു.
നിർണായകമായ മൂന്നാം ഗെയിമിൽ നീണ്ട റാലികളിലൂടെ സിന്ധുവിനെ തളർത്താനായിരുന്നു ഒക്കുഹാരയുടെ ശ്രമം. എന്നാൽ ഒപ്പത്തിനൊപ്പം മുന്നേറാൻ സിന്ധുവിനായി. 10-11 എന്ന സ്കോറിൽനിന്ന് (13-16) വ്യക്തമായ ലീഡ് സ്വന്തമാക്കി കുതിച്ച ഒക്കുഹാരയെ സിന്ധു 16-18 ൽ തളച്ചു. സിന്ധുവിന്റെ പരിചയസമ്പത്തിനു മുന്നിൽ അടിയറവ് പറഞ്ഞ ഒക്കുഹാര 21-18 ന് ഗെയിമും മത്സരവും എതിരാളിക്കു മുന്നിൽ കാഴ്ചവച്ചു.