ന്യൂൂസിലൻഡിന് എതിരായ മൂന്നു മത്സര ടെസ്റ്റ് പരന്പര മുതൽ ഇംഗ്ലണ്ട് പുതിയൊരു കളിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അവലംബിക്കുന്നത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്സും മുഖ്യ പരിശീലകനായി ബ്രെണ്ടൻ മക്കല്ലവും എത്തിയതോടെയാണിത്.
ടോസ് നേടിയാൽ ബാറ്റിംഗ് തെരഞ്ഞെടുത്ത് തട്ടിമുട്ടിനിന്ന് സമനില ആയാലും കുഴപ്പമില്ലെന്ന ടെസ്റ്റ് കളി ഇംഗ്ലണ്ട് അവസാനിപ്പിച്ചു. പകരം ടോസ് നേടിയാൽ ബൗളിംഗ് തെരഞ്ഞെടുക്കും, ചേസിംഗ് ആണ് ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ ഹോബി.
ഇന്ത്യക്കെതിരേ ടോസ് നേടിയപ്പോഴും ഇംഗ്ലണ്ട് ക്യാപ്റ്റൻ ബൗളിംഗ് തെരഞ്ഞെടുത്തശേഷം പറഞ്ഞത് ഇങ്ങനെ: ഞങ്ങൾക്ക് ചേസിംഗ് ആണ് എളുപ്പം. ഇംഗ്ലണ്ടിന്റെ ടെസ്റ്റിനോടുള്ള സമീപനം മാറിയതാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. ന്യൂസിലൻഡിനെതിരേ പരന്പര തൂത്തുവാരിയതും ചേസിംഗ് ജയത്തിലൂടെയായിരുന്നു.
യോർക്ക്ഷെയറീസ്
ഏകദിന, ട്വന്റി-20 ശൈലിയിൽ ടെസ്റ്റിൽ ബാറ്റ് വീശാൻ മടിയില്ലാത്ത ഇംഗ്ലണ്ടിനെയാണ് ഇപ്പോൾ കാണുന്നത്. അതിനു ചുക്കാൻ പിടിക്കുന്നത് യോർക്ക്ഷെയറുകാരനായ ജോണി ബെയർസ്റ്റൊയും. 136 (92), 162 (157), 71* (44), 106 (140), 114* (145) എന്നിങ്ങനെയാണ് ജോണി ബെയർസ്റ്റൊയുടെ അവസാന അഞ്ച് ഇന്നിംഗ്സുകൾ.
അഞ്ച് ഇന്നിംഗ്സിൽ നിന്ന് 578 പന്തിൽ 589 റണ്‍സ് ബെയർസ്റ്റൊ സ്വന്തമാക്കി, ശരാശരി 196! അഞ്ചിൽ താഴെ ബാറ്റിംഗ് നന്പറിൽ എത്തി ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സെഞ്ചുറി (6) നേടിയ റിക്കാർഡും ബെയർസ്റ്റൊ സ്വന്തമാക്കി.
യോർക്ക്ഷെയർ കൂട്ടുകെട്ടായ ജോ റൂട്ട് – ജോണി ബെയർസ്റ്റൊ സഖ്യമാണ് ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ ഏറ്റവുംവലിയ കരുത്ത്. 2022ൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ സഖ്യം റൂട്ട് – ബെയർസ്റ്റൊ ആണ്, 11 സെഞ്ചുറി ഉൾപ്പെടെ 1921 റണ്‍സ്.