അഗ്നിബാധയുണ്ടാകാൻ സാധ്യത: ലണ്ടനിൽ അഞ്ച് ബഹുനില കെട്ടി‌ടങ്ങൾ പൂർണമായും ഒഴിപ്പിച്ചു; ഈ കെട്ടിടങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന് കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി

england-flatലണ്ടൻ: ലണ്ടനിലെ ഗ്രെൻഫെൽ ടവർ അഗ്നി വിഴുങ്ങിയതിനു പിന്നാലെ സമാനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള അഞ്ച് കെട്ടിടങ്ങൾ പൂർണമായും അഗ്നിശമന സേനാ വിഭാഗം ഒഴിപ്പിച്ചു. ഈ കെട്ടിടങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന് കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി.

അഞ്ച് കെ‌ട്ടിടങ്ങളിലായി 800 ലേറെ കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഈ കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെന്നും അതിനാലാണ് നടപടിയെന്നും കാംഡെൻ കൗൺസിൽ ലീഡർ ജോർജിയ ഗൗൾഡ് വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയാണ് തങ്ങൾക്ക് പ്രധാനം. അതിനാലാണ് അടിയന്തരമായി ഇത്രയേറെ ആളുകളെ ഒഴിപ്പിച്ചത്. അഗ്നിശമനസേനാ വിഭാഗം എത്രയും വേഗത്തിൽ സുരക്ഷാ സംബന്ധമായ ജോലികൾ പൂർത്തീകരിക്കും ഇതിന് പിന്നാലെ ജനങ്ങൾക്ക് കെട്ടിടങ്ങളിലേക്ക് മടങ്ങിയെത്താം- ജോർജിയ ഗൗൾഡ് പറഞ്ഞു.

ജൂൺ 14ന് പുലർച്ചെ ഉണ്ടായ ഗ്രെൻഫെൽ അഗ്നിബാധയിൽ 79 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിൽ കെട്ടിടം പൂർണമായും തകർന്നു.

Related posts