പൂന: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നായകനായുള്ള ടീമില്‍ പുതുമുഖങ്ങളായ പ്രസിദ്ധ് കൃഷ്ണയും സൂര്യകുമാര്‍ യാദവും ഇടംപിടിച്ചു.
ഇന്ത്യക്കായി ട്വന്റി 20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള കൃണാല്‍ പാണ്ഡ്യക്ക് ഏകദിന ടീമിലേക്കു വിളി ലഭിച്ചു. മൂന്നു മത്സരങ്ങളുടെ പരമ്പരയ്ക്കായി 18 അംഗങ്ങളുടെ ടീമിനെയാണു പ്രഖ്യാപിച്ചിരിക്കുന്നത്.മാര്‍ച്ച് 23നാണു പരമ്പരയിലെ ആദ്യ മത്സരം. 26നും 28നുമാണ് അടുത്ത മത്സരങ്ങള്‍.
മൂന്നു മത്സരവും പൂനയിലാണ്.ഫിറ്റ്നസ് ടെസ്റ്റ് പാസായ ടി. നടരാജന് ടീമിലെത്തി. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നെറ്റ് ബൗളറായാണു നടരാജനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കളിക്കാര്‍ക്കേറ്റ പരിക്ക് നടരാജനെ ടീമിലെത്തിക്കുകയായിരുന്നു.
ടെസ്റ്റിലും കളിക്കാനായി, ബ്രിസ്ബെയ്ന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ മൂന്നു വിക്കറ്റും വീഴ്ത്തി. ഒരു ഏകദിനവും (രണ്ടു വിക്കറ്റ്) മൂന്നു ട്വന്റി 20യും (ആറു വിക്കറ്റ്) നടരാജൻ കളിച്ചു.ഇംഗ്ലണ്ടിനെതിരേ നാലാം ട്വന്റി 20യിലെ അര്‍ധ സെഞ്ചുറി പ്രകടനമാണു സൂര്യകുമാറിനെ ടീമിലെത്തിച്ചത്.
മികച്ച പ്രകടനം കൊണ്ട് നായകന് കോഹ്ലിയില്നിന്ന് ഒരു വര്‍ഷംമുമ്പ് പ്രശംസയേറ്റുവാങ്ങിയയാളാണ് പ്രസിദ്ധ് കൃഷ്ണ. 48 ലിസ്റ്റ് എ മത്സരങ്ങളില്‍നിന്ന് 81 വിക്കറ്റും 40 ട്വന്റി 20 മത്സരങ്ങളില്‍നിന്ന് 33 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ഐപിഎലില്‍ 2018 മുതല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്. 24 കളിയില്‍ 18 വിക്കറ്റുകളാണ് നൈറ്റ് റൈഡേഴ്സിനായി നേടിയത്.
ടീം ഇന്ത്യ- വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ്്കീപ്പര്), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ്്കീപ്പര്), ഹര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, കൃണാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ടി. നടരാജന്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ ഠാക്കൂര്‍