മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ജയം പിടിച്ചടക്കി ഇന്ത്യൻ വനിതകൾ. ബാറ്റിംഗിനും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഇന്ത്യൻ പെൺപട ഏഴു വിക്കറ്റിനാണ് സന്ദർശകരെ തകർത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാല് വിക്കറ്റെടുത്ത ജുലന് ഗോസ്വാമിയാണ് കളിയിലെ താരം.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗിന് ഇറങ്ങി. എന്നാൽ ഇന്ത്യൻ ബൗളിംഗിന് മുമ്പിൽ തകർന്നടിഞ്ഞ സന്ദർശകർ 43.3 ഓവറില്‍ 161 റണ്‍സിനു പുറത്തായി. നാലുവിക്കറ്റ് വീതം നേടിയ ജുലൻ ഗോസ്വാമിയും ശിഖ പാണ്ഡേയുമാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. നതാലി സിവെറാണ്(85) ഇംഗ്ലണ്ടിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ലോറണ്‍ വിന്‍ഫീല്‍ഡ്(28), ടസ്മിന്‍ ബോമോണ്ട്(20) എന്നിവർ നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ജമീമ റോഡ്രിഗ്വസിനെ(0) രണ്ടാം ഓവറിൽ നഷ്ടമായി. എന്നാൽ മറുവശത്ത് സ്മൃതി മന്ദാന ഉറച്ചുനിന്നതോടെ കളിയുടെ നിയന്ത്രണം അനായാസം ഇന്ത്യന്‍ കരങ്ങളിൽ എത്തിച്ചു. 63 റണ്‍സുമായി ടീമിനെ വിജയത്തിന്റെ വക്കത്തെത്തിച്ചാണ് മന്ദാന മടങ്ങിയത്. പൂനം റൗത്ത് 32 റൺസെടുത്തു. ക്യാപ്റ്റൻ മിതാലി രാജ്(47) പുറത്താവാതെ നിന്നു.
ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയരാനും സാധിച്ചു.