ലണ്ടൻ: ജയമോ സമനിലയോ എന്ന മോഹം അഞ്ചാം ടെസ്റ്റിലും പൂവണിഞ്ഞില്ല. ഋഷഭ് പന്ത് (114 റണ്‍സ്) കന്നി സെഞ്ചുറിയിലൂടെയും കെ.എൽ. രാഹുൽ (147 റണ്‍സ്) കരിയറിലെ അഞ്ചാം സെഞ്ചുറിയിലൂടെയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തോൽവി ഒഴിവാക്കാൻ സാധിച്ചില്ല. അതോടെ അഞ്ചാം ടെസ്റ്റിൽ 118 റണ്‍സ് ജയത്തോടെ ഇംഗ്ലണ്ട് തങ്ങളുടെ മുൻ ക്യാപ്റ്റനായ അലിസ്റ്റർ കുക്കിന് സന്തോഷകരമായ വിരമിക്കലിന് വഴിയൊരുക്കി. ഇംഗ്ലണ്ടിൽ പരന്പരയെന്ന മോഹം ബാക്കിവച്ച് 1-4ന്റെ തോൽവിയോടെ അഞ്ച് മത്സര പരന്പര പൂർത്തിയാക്കി ഇന്ത്യ നാട്ടിലേക്കു മടങ്ങും.
തകർത്തടിച്ച് പന്ത്
ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസിനായി ബാറ്റ് വീശിയ ഋഷഭ് പന്തിനെയാണ് ഇന്നലെ ലണ്ടനിൽ കണ്ടത്. പടുകൂറ്റൻ സിക്സറുകളും ഫോറുകളും ഇരുപതുകാരനായ പന്തിന്റെ ബാറ്റിൽനിന്ന് യഥേഷ്ടം പ്രവഹിച്ചപ്പോൾ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് റണ്‍സ് ഒഴുകിയെത്തി. നേരിട്ട 117-ാം പന്തിൽ പന്ത് കന്നി ടെസ്റ്റ് സെഞ്ചുറി തികച്ചു. അതും സിക്സർ പറത്തിയായിരുന്നു പന്ത് സെഞ്ചുറിയിലേക്ക് പാഞ്ഞടുത്തത്.
ടെസ്റ്റിൽ ആദ്യ റണ്‍സ് നേരിട്ട ആദ്യ പന്തിൽ സിക്സർ അടിച്ച് റിക്കാർഡോടെ തുടങ്ങിയ പന്തിന്റെ ബാറ്റിന്റെ ചൂട് ഇംഗ്ലീഷ് ബൗളർമാർ അറിഞ്ഞു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ 74-ാം ഓവർ എറിഞ്ഞ ആദിൽ റഷീദിന്റെ പന്ത് സിക്സർ പറത്തിയായിരുന്നു പന്ത് സെഞ്ചുറി പൂർത്തിയാക്കിയത്. സെഞ്ചുറിയിലേക്കുള്ള വഴിയിൽ 14 ഫോറും മൂന്ന് സിക്സറും യുവതാരത്തിന്റെ ബാറ്റിൽനിന്ന് പിറന്നു. ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ഇതോടെ പന്തിനെ തേടിയെത്തി.
കെഎൽ 5
പരന്പരയിൽ ആദ്യമായാണ് ഓപ്പണർ കെ.എൽ. രാഹുൽ അർധസെഞ്ചുറിപോലും തികയ്ക്കുന്നത്. ഇംഗ്ലണ്ടിൽ ഓപ്പണറായി നാലാം ഇന്നിംഗ്സിൽ ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആണ് രാഹുൽ. രാഹുലിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഓവലിൽ പിറന്നത്. 1979ൽ സുനിൽഗാവസ്കർ തന്റെ നാലാം ഇന്നിംഗ്സിൽ 221 റണ്‍സ് നേടിയിരുന്നു. ചേതൻ ചൗഹാൻ ഓവലിൽ 1979ൽ 80 റണ്‍സ് നേടിയതായിരുന്നു ഒരു ഇന്ത്യൻ ഓപ്പണറുടെ നാലാം ഇന്നിംഗ്സിലെ ഇതുവരെയുള്ള ഉയർന്ന രണ്ടാം സ്കോർ.
രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളിലാണ് രാഹുൽ പങ്കാളിയായത്. രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ തലതകർന്ന് നിൽക്കുന്പോൾ അജിങ്ക്യ രഹാനെയ്ക്കൊപ്പം രാഹുൽ നാലാം വിക്കറ്റിൽ 118 റണ്‍സ് പടുത്തുയർത്തി ആദ്യ രക്ഷാപ്രവർത്തനം നടത്തി. അതിൽ 37 റണ്‍സ് മാത്രമായിരുന്നു രഹാനയുടെ സംഭാവന. 72 റണ്‍സ് രാഹുലിന്റെ ബാറ്റിൽനിന്നായിരുന്നു.
ആറാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പവും രാഹുൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. ഇവരുടെ കൂട്ടുകെട്ട് 150ഉം കടന്ന് മുന്നേറി. സെഞ്ചുറി നേടിയ പന്തിന്റെ ബാറ്റിൽനിന്നായിരുന്നു ഈ കൂട്ടുകെട്ടിലെ കൂടുതൽ റണ്‍സും പിറന്നത്.
നാല് ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെയും (ശിഖർ ധവാൻ-1, ചേതേശ്വർ പൂജാര -0, വിരാട് കോഹ്ലി -0, ഹനുമ വിഹാരി -0) അതിൽ മൂന്നു പേർ പൂജ്യത്തിനും പുറത്തായപ്പോഴാണ് രാഹുലും പന്തും സെഞ്ചുറിയടിച്ച് കൂറ്റൻ ലക്ഷ്യത്തിലും പതറാതെ ഇന്ത്യയെ തോളിലേറ്റിയത്. ഐപിഎലിൽ കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്സ് ഇലവനായി രാഹുലും ഡൽഹിക്കായി പന്തും മികച്ച ബാറ്റിംഗായിരുന്നു കാഴ്ചവച്ചത്. നേരിട്ട 118-ാം പന്തിലാണ് രാഹുൽ സെഞ്ചുറി തികച്ചത്. 16 ഫോറും ഒരു സിക്സും സെഞ്ചുറിയിലേക്കുള്ള വഴിയിൽ രാഹുൽ നേടി.
സ്കോർബോർഡ്
ഇംഗ്ലണ്ട് 332. എട്ട് വിക്കറ്റിന് 423 ഡിക്ല. ഇന്ത്യ 292. രണ്ടാം ഇന്നിംഗ്സ്: രാഹുൽ ബി റഷീദ് 149, ധവാൻ എൽബിഡബ്ല്യു ബി ആൻഡേഴ്സണ് 1, പൂജാര എൽബിഡബ്ല്യു ബി ആൻഡേഴ്സണ് 0, കോഹ്ലി സി ബെയർസ്റ്റോ ബി ബ്രോഡ് 0, രഹാനെ സി ജെന്നിംഗ്സ് ബി അലി 37, വിഹാരി സി ബെയർസ്റ്റോ ബി സ്റ്റോക്സ് 0, പന്ത് സി അലി ബി റഷീദ് 114, ജഡേജ സി ബെയർസ്റ്റോ ബി കരണ്‍ 13, ഇഷാന്ത് സി ബെയർസ്റ്റോ ബി കരണ്‍ 5, ഷാമി ബി ആൻഡേഴ്സണ് 0, ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 26, ആകെ 94.3 ഓവറിൽ 345.
ബൗളിംഗ്: ആൻഡേഴ്സണ് 22.3-11-45-3, ബ്രോഡ് 12-1-43-1, അലി 17-2-68-1, കരണ്‍ 9-2-23-2, സ്റ്റോക്സ് 13-1-60-1, റഷീദ് 15-2-63-2, റൂട്ട് 6-1-17-0.
മഗ്രാത്തിനെ മറികടന്ന് ആൻഡേഴ്സണ്
ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ എന്ന പദവി ഇനി ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണു സ്വന്തം. 563 വിക്കറ്റ് എന്ന ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്തിന്റെ റിക്കാർഡാണ് ആൻഡേഴ്സണ് (564) മറികടന്നത്. ആൻഡേഴ്സണ്, മഗ്രാത്ത്, വെസ്റ്റ് ഇൻഡീസിന്റെ കോട്നി വാൽഷ് (519) എന്നിവർ മാത്രമാണ് അഞ്ഞൂറിലധികം വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർമാർ.
ഇന്ത്യക്കെതിരേ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ താരമെന്ന റിക്കാർഡും ഓവൽ ടെസ്റ്റിനിടെ ആൻഡേഴ്സണ് സ്വന്തമാക്കിയിരുന്നു. 27 ടെസ്റ്റുകളിൽ 110 ഇന്ത്യൻ വിക്കറ്റുകളാണ് ആൻഡേഴ്സണ് വീഴ്ത്തിയത്. ഇന്ത്യക്കെതിരേ 105 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്റെ റിക്കാർഡാണ് ആൻഡേഴ്സണ് പഴങ്കഥയാക്കിയത്. ഇന്ത്യക്കെതിരേ അഞ്ചു ടെസ്റ്റ് പരന്പരയിൽ 24 വിക്കറ്റാണ് ആൻഡേഴ്സൺ വീഴ്ത്തിയത്. 2014ലെ പരന്പരയിൽ 25 വിക്കറ്റ് വീഴ്ത്തിയിരുന്നു.