ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ രണ്ടു മാസത്തിലേറെ നീണ്ട ഇന്ത്യൻ പര്യടനം ഇന്ത്യന്‍ ടീമിനു സമ്മാനിച്ചത് ഏറെ നേട്ടങ്ങൾ. വിരാട് കോഹ് ലിയും സംഘവും മൂന്നു ഫോര്‍മാറ്റുകളും തൂത്തുവാരി.
പര്യടനത്തിലെ അവസാനത്തെ ഇനമായ ഏകദിന മത്സരങ്ങള്‍ ഓരോന്നും വാശിയേറിയതും കാണികളെ അവസാനപന്തുവരെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനമായിരുന്നു ഇതിലേറ്റവും വാശിയേറിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചു.
ഏകദിന പരമ്പരയിലെ നേട്ടങ്ങളും വേദനകളും
ഭുവനേശ്വര്‍ തിരിച്ചെത്തി; മൂര്‍ച്ചകൂട്ടി ശാര്‍ദുല്‍
ഗുരുതര പരിക്കിനെത്തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ടിവന്ന ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമിലേക്കു തിരിച്ചെത്തിയത് കഴിഞ്ഞ മാസമായിരുന്നു.
ഏകദിനത്തിനു മുമ്പ് നടന്ന അഞ്ച് മത്സര ട്വന്റി 20 പരമ്പരയില്‍ വിക്കറ്റുകൾ നേടി ഭുവനേശ്വര്‍ ആത്മവിശ്വാസം വീണ്ടെടുത്തു. പൂനയില്‍ ഏകദിനത്തിലെത്തിയപ്പോള്‍ ബാറ്റിംഗിന് അനുകൂലമായ ഫ്ളാറ്റ് പിച്ചില്‍ 29 ഓവറില്‍ 4.65 ഇക്കണോമി റേറ്റില്‍ പന്തെറിഞ്ഞു.
ഈ പരമ്പരയിലെതന്നെ ഏറ്റവും മികച്ച ബൗളിംഗായിരുന്നു ഇത്. ആറു വിക്കറ്റുകളും ഭുവി വീഴ്ത്തി. ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തിയാലും ഭുവനേശ്വര്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.
മറുവശത്ത് ശാര്‍ദുല്‍ ഠാക്കൂര്‍ ടീമിലെ മൂന്നാം പേസര്‍ എന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.
എട്ടാം നമ്പറില്‍ ഠാക്കൂറിനെ ബാറ്റ്സ്മാനായും ഉപയോഗപ്പെടുത്താവുന്നതാണ്. പരമ്പരയില്‍ ശാര്‍ദുലിന്റെ ഇക്കണോമി റേറ്റ് ഉയര്‍ന്നതാണെങ്കിലും കൃത്യസമയത്ത് വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് താരത്തിനുണ്ട്.
മൂന്നാം ഏകദിനത്തില്‍ ഇതു വ്യക്തമായിരുന്നു. 14-ാം ഓവറില്‍ പന്തെറിയാനെത്തിയ ഠാക്കൂര്‍ ഇംഗ്ലണ്ടിന്റെ മധ്യനിരയെ കൂടുതല്‍ നേരം നിര്‍ത്താതെ പറഞ്ഞുവിട്ടു.
തകര്‍ത്തടിക്കാന്‍ പന്തും ഹാര്‍ദിക്കും
കഴിഞ്ഞ അഞ്ചു വര്‍ഷം ഇല്ലാത്തത്ര വിശ്വസ്തവും ശക്തവുമായിരിക്കുകയാണ് ഇന്ത്യയുടെ മധ്യനിര. ആദ്യ മൂന്നു പേര് പരമ്പരാഗത രീതിയില്‍ പിടിച്ചുനിന്ന് ഇന്നിംഗ്സിന്റെ അവസാനം റണ്‍സ് വാരിക്കൂട്ടുന്ന സമീപനമാണു മുന്‍പു സ്വീകരിച്ചിരുന്നത്.
എന്നാല്‍ കെ.എല്‍. രാഹുല്‍ സ്ഥാനം വീണ്ടെടുത്തതോടെ ആക്രമണകാരികളായ ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും മികവിലെത്തി. തുടക്കം മുതലേ ആക്രമിച്ചു കളിക്കുന്ന ഇംഗ്ലണ്ടിന്റെ പാത ഇന്ത്യ പിന്തുടരാന് സന്നദ്ധരാകുകയും ചെയ്തു.
മൂന്നാം ഏകദിനത്തില്‍ പന്തും ഹാര്‍ദിക്കും ഇതു വ്യക്തമാക്കുകയും ചെയ്തു. ഇതൊരു ഭ്രാന്തമായ സമീപനമായി കരുതാമെങ്കിലും ഇവരുടെ പ്രകടനം എതിര് ബൗളര്‍മാരെ കുഴപ്പിക്കുകയും ചെയ്തു.
മധ്യനിര ആക്രമണം നടത്താന്‍ തയാറായതോടെ ഓപ്പണര്‍മാരായ രോഹിത്തിനും ശിഖര്‍ ധവാനും സ്വാതന്ത്ര്യത്തോടെ കളിക്കാനും അവസരമായി.