ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഓസ്ട്രേലിയയ്ക്കെതിരെ തുടർച്ചയായ നാലാം ഏകദിനത്തിലും ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 44.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 83 പന്തിൽ 101 റൺസ് നേടിയ ജേസൺ റോയിയാണ് കളിയിലെ താരം.
ജേസണ്‍ റോയ്-ജോണി ബെര്‍സ്റ്റോ ഓപ്പണിംഗ് സഖ്യം വീണ്ടും മികവ് പുലര്‍ത്തിയ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യ വിക്കറ്റില്‍ 174 റണ്‍സാണ് നേടിയത്. റോയ് 101 റൺസും ബെര്സ്റ്റോയും 79 റൺസും നേടി പുറത്തായി. പിന്നാലെ ഇറങ്ങിയ അലക്സ് ഹെയ്ൽസ്(34), ജോ റൂട്ട്(27), ജോസ് ബട്ലർ(54) എന്നിവർ തകർത്തടിച്ചതോടെ ഇംഗ്ലണ്ട് വിജയം കണ്ടു. ഓസീസിന് വേണ്ടി ആഷ്ടൺ അഗർ രണ്ടു വിക്കറ്റ് നേടി.
നേരത്തെ, ഷോൺ മാർഷ്(101), ആരോൺ ഫിഞ്ച്(100), ട്രാവിസ് ഹെഡ്(63) എന്നിവരുടെ മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി ഏഴ് ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ആദിൽ റഷീദ്, മാർക്ക് വുഡ് എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 4-0ന് മുന്നിലാണ്. ഞായറാഴ്ച ഓൾഫ് ട്രാഫോർഡിലാണ് അവസാന മത്സരം.