സെന്റ് ജോര്‍ജ്സ്: വിന്‍ഡീസ്-ഇംഗ്ലണ്ട് നാലാം ഏകദിനം ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു. റണ്‍സ് വിരുന്നൊരുക്കിയ മത്സരം കാണികള്‍ക്ക് ഓരോ പന്തും ആവേശം നിറച്ചു. മഴ കൊണ്ടുപോയ മൂന്നാം ഏകദിനത്തിനു പിന്നാലെ റണ്‍മഴ കണ്ട നാലാമങ്കത്തില്‍, ഇംഗ്ലണ്ട് വിന്‍ഡീസിനെ 29 റണ്‍സിനാണ് തോല്‍പ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സാണ് നേടിയത്. വിന്‍ഡീസിന്റെ മറുപടി രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ 389 റണ്‍സില്‍ അവസാനിച്ചു. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മല്‍സരം ശനിയാഴ്ച നടക്കും.
ടോസ് നേടിയ വിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനു വിട്ടു. നല്ല തുടക്കം തന്നെ ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയ്ക്കും (43 പന്തില്‍ നാലു ഫോറും അത്ര തന്നെ സിക്സും സഹിതം 56) അലക്സ് ഹെയ്ൽസിനും നല്‍കാനായി. 73 പന്തില്‍ 82 റണ്‍സ് നേടിയ ഹെയ്ൽസ് എട്ട് ഫോറും രണ്ടു സിക്സുമാണ് പറത്തിയത്.
ഓപ്പണിംഗ് വിക്കറ്റില്‍ 13.5 ഓവറില്‍ 100 റണ്‍സ് പിറന്നു. ജോ റൂട്ടിന് അധികം നേരം ക്രീസില്‍ ചെലവഴിക്കാനായില്ല. ഇംഗ്ലണ്ട് സ്കോര്‍ മൂന്നു വിക്കറ്റിന് 165ല്‍വച്ചാണ് മോര്‍ഗനൊപ്പം ബട്ലര് ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ചതോടെ ഗ്രൗണ്ടിന് തലങ്ങുവിലങ്ങും പന്തുകള്‍ പറന്നു.
നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ മോര്‍ഗനും ബട്ലറും 124 പന്തില്‍ 204 റണ്‍സാണ് അടിച്ചെടുത്തത്. ബട്ലറാണ് കൂടുതല്‍ ആക്രമണം നടത്തിയത്. 88 പന്തില്‍ എട്ട് ഫോറിന്റെയും ആറു സിക്സിന്റെയും അകമ്പടിയില്‍ 103 റണ്‍സ് എടുത്തു മോര്‍ഗനെ പുറത്താക്കി ഷെല്‍ഡന്‍ കോട്ടറെല്‍ ഈ സഖ്യം പൊളിച്ചു. ജേസണ്‍ ഹോള്‍ഡറിനായിരുന്നു ക്യാച്ച്. എന്നാല്‍ ഒരറ്റത്തുനിന്ന് ബട്ലര് അടിച്ചു തകര്‍ക്കുന്നുണ്ടായിരുന്നു. അവസാന ഓവറിന്റെ നാലാം പന്തില്‍ ബട്ലറെ കാര്‍ലോസ് ബ്രാത്വെയ്റ്റ് ക്ലീന്‍ബൗള്‍ഡാക്കി.
77 പന്തില്‍ 13 ബൗണ്ടറിയും 12 സിക്സും സഹിതം 150 റണ്‍സാണ് ബട്ലര് നേടിയത്. അവസാന പത്തോവറില്‍ ഇംഗ്ലണ്ട് നേടിയ 154 റണ്‍സില്‍ 105 റണ്‍സും ബട്ലറാണ് നേടിയത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഏകദിന സിക്സുകളില്‍ 23 എണ്ണം നേടി പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചിരുന്നു. ആ റിക്കാര്‍ഡ് ഇംഗ്ലണ്ട് ഒരണ്ണം കൂടി ചേര്‍ത്ത് തിരുത്തി. കരീബിയന്‍ മണ്ണില്‍ ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന സ്കോറാണിത്.
കൂറ്റന്‍ സ്കോര്‍ കണ്ടിട്ടും ക്രിസ് ഗെയ്ലിന് പതര്‍ച്ചയില്ലായിരുന്നു. നാലാം വിക്കറ്റില്‍ ഡാരന്‍ ബ്രാവോയെ കൂട്ടുപിടിച്ച് ഗെയ്ൽ നടത്തിയ ആക്രമണം ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകളെല്ലാം തകര്‍ത്തു. 108 പന്തുകള്‍ നേരിട്ട ഈ സഖ്യം 176 റണ്‍സാണ് വിന്‍ഡീസ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.
59 പന്തില്‍ നാലു വീതം ബൗണ്ടറിയും സിക്സും സഹിതം 61 റണ്‍സെടുത്ത ബ്രാവോയെ വുഡ് പുറത്താക്കിയതോടെ ഇംഗ്ലണ്ട് ആശ്വസിച്ചു. മികച്ചനിലയില്‍ നില്‍ക്കേ ഷിമ്രോണ്‍ ഹെറ്റ്മെയറെ (6) വുഡ് പുറത്താക്കി. ഗെയ്ലിനു കൂട്ടായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്ഡറെത്തി. ഗെയ്ലുമായി ചേര്‍ന്ന് നല്ലൊരു സഖ്യം ഉണ്ടാക്കിയെടുക്കാന്‍ നായകനാനായി.
എന്നാല്‍ ഗെയ്ലിനെ ക്ലീന്‍ബൗള്‍ഡാക്കി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന് ബ്രേക് ത്രൂ നല്കി. 97 പന്തില്‍ 11 ഫോറും 14 സിക്സും പായിച്ചാണ് ഗെയ്ൽ 162 റണ്‍സിലെത്തിയത്. 34.1 ഓവറില്‍ 295 റണ്‍സിലെത്തിയപ്പോഴാണ് ഗെയ്ലിന്റെ പുറത്താകല്‍. വൈകാതെ തന്നെ ഹോള്‍ഡറും (29) പുറത്തായി. വിന്‍ഡീസ് ആറു വിക്കറ്റിന് 301ലായി.
തോല്‍വി ഉറപ്പിക്കുകയായിരുന്ന വിന്‍ഡീസിന് പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് ബ്രാത്വെയ്റ്റ് (36 പന്തില്‍ 50), ആഷ്ലി നഴ്സ് (41 പന്തില്‍ 43) എന്നിവര്‍ പൊരുതി നോക്കി. വിന്‍ഡീസ് ജയത്തിലേക്കെന്നു കരുതിയ അവസരത്തില്‍ 48-ാം ഓവറില്‍ പന്തെറിയാനെത്തിയ ആദില്‍ റഷീദ് ആറു പന്തില്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചു. കൂറ്റന്‍ അടികള്ക്കുള്ള ശ്രമമാണ് ഇരുവരെയും പുറത്താക്കിയത്. ബ്രാത്വെയ്റ്റിന്റെ ആദ്യ ഏകദിന അര്‍ധ സെഞ്ചുറിയാണ്.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ റഷീദിന്റെ അവസാന ഓവറുകളിലെ പ്രകടനമാണ് ശ്രദ്ധേയമായത്. മാര്‍ക്ക് വുഡ് 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി നാലു വിക്കറ്റും പിഴുതു.46 സിക്സാണ് ആകെ മത്സരത്തിൽ പിറന്നത്. 2013ൽ ഇന്ത്യ-ഓസീസ് മത്സര ത്തിലെ റിക്കാർഡാണ് തകർന്നത്.
10,000-ൽ ഗെയ്ൽ
ഏകദിനത്തില്‍ ഗെയ്ൽ 10,000 റണ്‍സ് തികച്ചതായിരുന്നു മല്‍സരത്തിലെ പ്രധാന വിശേഷങ്ങളിലൊന്ന്. ഇതോടെ, ബ്രയാന്‍ ലാറയ്ക്കു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ വിന്‍ഡീസ് താരമായി ഗെയ്ൽ. 288 ഏകദിനത്തില്‍ 10,074 റണ്‍സാണ് ഗെയ്ലിനിപ്പോള്. മൊത്തം താരങ്ങളില്‍ 14–ാമനും. 16-ാം ഓവറിന്റെ അഞ്ചാം പന്തില്‍ റഷീദിനെ സിക്സിലേക്കു പറത്തിയാണ് ഗെയ്ൽ ഈ നാഴികക്കല്ലിലെത്തിയത്. അത് അന്താരാഷ്ട്ര ക്രിക്കറ്റിലെ 500-ാമത്തെ സിക്സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്സുകള്‍ പിന്നിടുന്ന ആദ്യ താരം കൂടിയാണ് ഗെയ്ല്.
ഏകദിനത്തില്‍ 305 സിക്സുകളാണ് ഗെയ്ലിന്റെ പേരില്‍. 351 സിക്സുകള്‍ നേടിയ പാക്കിസ്ഥാന് താരം ഷാഹിദ് അഫ്രീദിക്കു ശേഷം മുന്നൂറിലധികം സിക്സ് നേടുന്ന ആദ്യ താരം കൂടിയാണ് ഈ വിന്‍ഡീസ് ഓപ്പണര്‍. ഗെയ്ലിന്റെ 25-ാം ഏകദിന സെഞ്ചുറിയാണ് ഇന്നലെ പിറന്നത്.