ഒരു കാലത്ത് ഇംഗ്ലണ്ടിനെ ഞെട്ടിച്ച പേരാണ് ബെവർലി ഗെയിൽ അല്ലിറ്റ്. ക്രൂരതയുടെ പര്യായമായി ഈ പേരു മാറി. കുഞ്ഞുങ്ങളായിരുന്നു ഇവളുടെ പ്രധാന ഇരകൾ.
1968 ഒക്ടോബർ നാലിനു ബെവർലി ജനിച്ചു. നാലു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് ഇവളുടെ പേരിൽ കേസുണ്ട്.
മൂന്നു കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആറു കുഞ്ഞുങ്ങളെ ഗുരുതരമായ അവസ്ഥയിലെത്തിച്ചു. ഇതാണ് ഈ കൊടുംക്രൂരതയുടെ ക്രിമിനൽ രേഖ.
ക്രൂരമായ സന്തോഷം!
1991 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള 59 ദിവസങ്ങളിലാണ് ഈ ക്രൂരകൃത്യങ്ങളെല്ലാം അരങ്ങേറിയത്.
ലിങ്കൺഷെയറിലെ ഗ്രാൻഥാമിലെയും കെസ്റ്റെവൻ ഹോസ്പിറ്റലിലെയും കുട്ടികളുടെ വാർഡിലെ കുട്ടികളായിരുന്നു ഇവളുടെ ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത്.
ഈ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയായിരുന്നു ബെവർലി. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെയാണ് അവൾ തന്റെ ഇരകളായി കണ്ടത്.
കൊല്ലപ്പെട്ട കുഞ്ഞുങ്ങളിൽ രണ്ടു പേർക്ക് ഇവൾ വലിയ അളവിൽ ഇൻസുലിൻ കുത്തിവച്ചതായി കണ്ടെത്തി.
മറ്റൊരു കുഞ്ഞിന്റെ ശരീരത്തിൽ ഒരു വലിയ വായു കുമിള കണ്ടെത്തി. കുട്ടികളെ ഇവൾ കൊലപ്പെടുത്തിയത് ഏതു രീതിയിലാണെന്നു പോലീസിനും കാര്യമായി തെളിയിക്കാനായില്ല.
എന്തിനു വേണ്ടിയാണ് ഈ ദുഷ്ട ഇതെല്ലാം ചെയ്തുകൂട്ടിയതെന്നും വ്യക്തമല്ല. വിചിത്രമായൊരു ഉന്മാദ അവസ്ഥയിലാവാം ഇവൾ ഈ കൊലപാതകങ്ങളെല്ലാം ചെയ്തിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.
ഇത്തരം ചെയ്തികളിലൂടെ ക്രൂരമായ ഒരു സന്തോഷം അവൾ അനുഭവിക്കുന്ന സൂചനയാണ് പ്രതിയെ ചോദ്യം ചെയ്തപ്പോൾ പോലീസിനു ലഭിച്ചത്.
1993 മേയ് മാസത്തിൽ നോട്ടിംഗ്ഹാം ക്രൗൺ കോടതിയിൽ കുറ്റകൃത്യങ്ങൾക്കു പതിമൂന്നു വർഷം ജീവപര്യന്തം തടവ് ലഭിച്ചു.
ബെവർലി അല്ലിറ്റ് ഗ്രാൻഥാം പട്ടണത്തിനടുത്തുള്ള കോർബി ഗ്ലെൻ ഗ്രാമത്തിലാണ് വളർന്നത്. അവൾക്കു രണ്ട് സഹോദരിമാരും ഒരു സഹോദരനും ഉണ്ടായിരുന്നു. അവളുടെ അച്ഛൻ റിച്ചാർഡ് ഓഫ് ലൈസൻസിലും അമ്മ സ്കൂൾ ക്ലീനറായും ജോലിചെയ്തു.
കെസ്റ്റെവനിലേക്കും ഗ്രൻഥാം ഗേൾസ് സ്കൂളിലേക്കും പ്രവേശിക്കാനുള്ള പരീക്ഷയിൽ പരാജയപ്പെട്ട അല്ലിറ്റ് ചാൾസ് റീഡ് സെക്കൻഡറി മോഡേൺ സ്കൂളിൽ ചേർന്നു.
അവൾ പലപ്പോഴും ബേബി സിറ്റിംഗ് ജോലികൾക്കായി സന്നദ്ധസേവനം നടത്തുകയും പതിനാറാമത്തെ വയസിൽ ഗ്രൻഥാം കോളജിൽ നഴ്സിംഗിൽ കോഴ്സിനു ചേരുകയും ചെയ്തു.
കൊലപാതകങ്ങൾ ഇങ്ങനെ:
ലിയാം ടെയ്ലറിനെ (ഏഴ് ആഴ്ച പ്രായം) നെഞ്ചിലെ അണുബാധയെത്തുടർന്നു വാർഡിൽ പ്രവേശിപ്പിക്കുകയും 1991 ഫെബ്രുവരി 22നു മരിച്ചു.
തിമോത്തി ഹാർഡ്വിക്ക് (പതിനൊന്ന് വയസ്) സെറിബ്രൽ പക്ഷാഘാതമുള്ള കുട്ടി അപസ്മാരം പിടിപെട്ടതിനെത്തുടർന്നു വാർഡിൽ പ്രവേശിപ്പിച്ചു. 1991 മാർച്ച് അഞ്ചിന് മരിച്ചു.
ബെക്കി ഫിലിപ്സ് (രണ്ട് മാസം പ്രായം) – 1991 ഏപ്രിൽ ഒന്നിനു ഗ്യാസ് സംബന്ധമായ രോഗത്താൽ വാർഡിൽ പ്രവേശിപ്പിച്ചു.
അല്ലിറ്റ് അവൾക്ക് ഇൻസുലിൻ അമിതമായി നൽകി. ഡിസ്ചാർജ് ചെയ്തു രണ്ടു ദിവസത്തിനു ശേഷം വീട്ടിൽ മരിച്ചു.
ക്ലെയർ പെക്ക് (പതിനഞ്ച് മാസം പ്രായം) – 1991 ഏപ്രിൽ 22ന് ആസ്്മ പ്രശ്നത്തിൽ വാർഡിൽ പ്രവേശിപ്പിച്ചു.
വെന്റിലേറ്ററിൽ ഇട്ടശേഷം, ഒരു ചെറിയ ഇടവേളയിൽ അല്ലിറ്റിന്റെ പരിചരണത്തിൽ അവളെ തനിച്ചാക്കി. ആ സമയത്ത് ആ കുഞ്ഞിനു ഹൃദയ സ്തംഭനമുണ്ടായി മരിച്ചു.
ഇതെല്ലാം ബെവർലി ഗെയിൽ അല്ലിറ്റ് ആസൂത്രണം ചെയ്ത കൊലപാതകങ്ങളാണെന്നു പോലീസ് കണ്ടെത്തി (തുടരും).
തയാറാക്കിയത്: എൻ.എം