ചില കാര്യങ്ങളെ കാലത്തിന്റെ കാവ്യനീതി എന്നു പറയാറുണ്ട്. അത്തരത്തിലൊരു കഥയാണ് ഇപ്പോള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നത്. മൂന്ന് ശതാബ്ദക്കാലത്തിലേറെക്കാലം ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു.
എന്നാല്‍ കച്ചവടത്തിനെത്തിയവര്‍ കാര്യക്കാരാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടക്കത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും തദ്ദേശീയരായ പ്രമാണിമാരെ കൂട്ടുപിടിച്ച് കമ്പനി ആ എതിര്‍പ്പുകളെ അടിച്ചമര്‍ത്തി.
1600- സുഗന്ധവ്യജ്ഞനങ്ങളുടെ വ്യാപാരത്തിനായി രൂപീകരിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആധുനിക ആയുധങ്ങളുടെ ബലത്തില്‍ അഭാജ്യ ഇന്ത്യയെയും അഫ്ഗാനിസ്ഥാന്റെ പകുതിയോളം ഭാഗവും പിടിച്ചടക്കി.
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ കമ്പനിയുടെ സൈനികര്‍ കമ്പനിക്കെതിരായി തിരിഞ്ഞപ്പോള്‍ കമ്പനിയെ ഒഴിവാക്കി ബ്രിട്ടീഷ് ഗവണ്മെന്റ് നേരിട്ട് ഭരണം ഏറ്റെടുക്കുകയായിരുന്നു.
അങ്ങനെ ഒരു കാലത്ത് ഇന്ത്യയെ ഉരുക്കുമുഷ്ടിയിലമര്ത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ന് ഒരു ഇന്ത്യക്കാരന്റെ കൈപ്പിടിയിലൊതുങ്ങുമ്പോള്‍ അതിനെ കാലത്തിന്റെ കാവ്യനീതി എന്നല്ലാതെ എന്തു വിളിക്കാന്‍.
2005-ലാണ് ഇന്ത്യന്‍ വ്യവസായിയായ സഞ്ജീവ് മേത്ത ഈസ്റ്റ് ഇന്ത്യാ കമ്പനി സ്വന്തമാക്കിയത്. വിലകൂടിയ തേയില, കാപ്പി, മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഒരു ബ്രാന്‍ഡാക്കി പിന്നീട് ഇതിനെ മാറ്റി.
പിന്നീട് 2010-ലാണ് ഇതിന്റെ ആദ്യത്തെ സ്റ്റോര്‍ തുറക്കുന്നത്. ലണ്ടനിലെ സമ്പന്നരുടെ ആവാസകേന്ദ്രമായ മെയ്ഫെയര്‍ മേഖലയിലായിരുന്നു ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.
”ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനുണ്ടെന്ന് കേട്ടപ്പോള്‍ തന്നെ തീരുമാനിച്ചു അത് വാങ്ങണമെന്ന്” സഞ്ജീവ് മേത്ത പറയുന്നു.
ഒരിക്കല്‍ ഇന്ത്യ മുഴുവന്‍ അടക്കി വാണ കമ്പനി ഒരു ഇന്ത്യാക്കാരന്റെ കാല്ക്കീഴില് വരുന്ന കാര്യം ആലോചിച്ചപ്പോള്‍ ആവേശം വര്‍ദ്ധിച്ചു എന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണ് കമ്പനി സ്വന്തമാക്കിയത്.
ഏകദേശം 200ല്‍ അധികം ഇംഗ്ലീഷ് വ്യാപാരികള്‍ക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വ്യാപാരം നടത്തുവാനുള്ള അവകാശം 1600ല്‍ എലിസബത്ത് ഒന്നാം രാജ്ഞിയാണ് നല്‍കിയത്.
ഇതാണ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നപേരില്‍ സ്ഥാപിതമായത്. വ്യാപാര രംഗത്ത് ആധിപത്യം സ്ഥാപിച്ച കമ്പനിക്ക് സ്വന്തമായി ഒരു സൈന്യവും ഉണ്ടായിരുന്നു.
ഇന്ത്യയില്‍, മദ്രാസ്, ബോംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ സൈനിക ആസ്ഥാനങ്ങള്‍.
1857-ല്‍ കമ്പനിയുടെ പട്ടാളം തന്നെ കമ്പനിക്കെതിരെ രംഗത്ത് വന്നപ്പോള്‍, കമ്പനിയുടെ സാമ്പത്തിക നിയന്ത്രണവും, അത് കീഴടക്കിയ പ്രദേശങ്ങള്‍ക്ക് മേലുള്ള അധികാരവും ബ്രിട്ടീഷ് സിംഹാസനം ഏറ്റെടുത്തു.
1874 ഓടെ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍, സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയുള്ള ഒരു കമ്പനിയെ പുനര്‍ജ്ജീവിപ്പിക്കുന്നത് സാധ്യമാണോ എന്നൊരു സംശയം ഉണ്ടായിരുന്നുവെന്ന് മേത്ത പറയുന്നു.
കോളനിവല്‍ക്കരണത്തിന്റെ പ്രതീകമായ ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേര് വ്യാപാരത്തെ ദോഷകരമായി ബാധിക്കുമോയെന്ന് ആദ്യം സംശയിച്ചുവെന്നും എന്നാല്‍ അന്ന് കോളനിവത്ക്കരണത്തിന് വിധേയമായ രാജ്യത്തെ പ്രജയാണ് ഇത് വാങ്ങുന്നത് എന്നത് അഭിമാനമായി എന്നും മേത്ത പറയുന്നു.