ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ ഹൊസെ മൗറീഞ്ഞോയുടെ ടോട്ടനം കീഴടക്കി. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ 2-0ന് ആയിരുന്നു മൗറീഞ്ഞോയുടെ കുട്ടികളുടെ ജയം. സ്റ്റീവൻ ബെർഗ് വിഞ്ച് (63), സണ്‍ ഹ്യൂങ് മിൻ (71) എന്നിവരുടെ വകയായിരുന്നു ടോട്ടനത്തിന്റെ ഗോളുകൾ.
2016 ഒക്ടോബറിനുശേഷം ആദ്യമായാണ് ടോട്ടനം സിറ്റിയെ കീഴടക്കുന്നത്. അന്നും ഹോം മത്സരത്തിൽ 2-0ന് ആയിരുന്നു ടോട്ടനത്തിന്റെ ജയം. ഈ സീസണിൽ സിറ്റിയുടെ ആറാം തോൽവിയാണ്. പെപ് ഗ്വാർഡിയോളയ്ക്കെതിരേ വിവിധ ലീഗുകളിലായി ഹൊസെ മൗറീഞ്ഞോയുടെ ആറാം ജയമായിരുന്നു.
ഗ്വാർഡിയോളയുടെ പരിശീലനത്തിലിറങ്ങുന്ന ടീമിനെ ഏറ്റവും കൂടുതൽ കീഴടക്കിയത് ജർഗൻ ക്ലോപ്പിന്റെ (എട്ട്) ശിക്ഷണത്തിലുള്ള ടീമാണ്. നാല് വ്യത്യസ്ത ടീമുകൾക്കൊപ്പം (ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം) ഗ്വാർഡിയോളയുടെ ശിക്ഷണത്തിലുള്ള ടീമുകളെ കീഴടക്കിയെന്നതും മൗറീഞ്ഞോയുടെ നേട്ടമാണ്.
ലീഗിൽ 25 മത്സരങ്ങളിൽനിന്ന് 73 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്. സിറ്റി 51 പോയിന്റുമായി രണ്ടാമതും ടോട്ടനം 37 പോയിന്റുമായി അഞ്ചാമതുമാണ്. ലെസ്റ്റർ സിറ്റി (49), ചെൽസി (41) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.