കണിച്ചാർ : ഇനിയും തങ്ങളെ ഇങ്ങനെ ദ്രോഹിക്കരുതേ…. രവിയും കുടുംബവും അപേക്ഷിക്കുകയാണ്.
വിശപ്പ് സഹിക്കാനാകാതെ വിദ്യാർഥിയായ മകൾ ആത്മഹത്യ ചെയ്തു എന്ന നിലയിൽ നവമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെയാണ് കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം അങ്കണവാടിക്ക് സമീപം താമസിക്കുന്ന പെരുന്നൻ രവിയും കുടുംബവും പൊതു സമൂഹത്തിന് മുന്നിൽ അപേക്ഷയുമായി എത്തിയത്.
2016 ഏപ്രിൽ 20ന് ഇവരുടെ മൂത്തമകൾ ശ്രുതി ആത്മഹത്യ ചെയ്തിരുന്നു.
അന്ന് തന്നെ ഒരു മാധ്യമം തങ്ങളുടെ കുട്ടി വിശപ്പ് സഹിക്കാൻ കഴിയാത്തതുമൂലമാണ് ജീവനൊടുക്കിയത് എന്ന് തെറ്റായ വാർത്ത നല്കിയിരുന്നു.
സംഭവത്തിന്റെ നിജസ്ഥിതി മറ്റ് മാധ്യമങ്ങൾ തങ്ങളുടെ വീട്ടിലെത്തി മനസിലാക്കി റിപ്പോർട്ടും നല്കിയിരുന്നു.
സഹോദരന് സൈക്കിൾ വാങ്ങി നൽകിയതു മൂലമുള്ള മനോവിഷമമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമായി മാതാപിതാക്കൾ പറയുന്നത്.
കുട്ടി ആത്മഹത്യ ചെയ്ത ദിവസവും എല്ലാ ഭക്ഷണ സാധനങ്ങളും വീട്ടിലുണ്ടായിരുന്നു. ഒരു ദിവസം പോലും കുട്ടികൾ പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.
അന്ന് തന്നെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ പരാതി നല്കാൻ ആലോചിച്ചതാണ്. പിന്നെ വേണ്ടെന്നുവച്ചു.
അന്ന് തെരഞ്ഞെടുപ്പ് സമയമായതുകൊണ്ട് ചില രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പ്രചരണ ആയുധമാക്കി.
അഞ്ച് വർഷത്തിനുശേഷവും വീണ്ടും തങ്ങളെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രചാരണം നിർത്തണമെന്ന് രവിയും ഭാര്യ മോളിയും പറഞ്ഞു.