2004ൽ പുറത്തിറങ്ങിയ റെയിൻ റെയിൻ കം എഗയിൻ എന്ന ചിത്രത്തിൽ ഒരു കോളജ് സ്റ്റുഡന്റിന്റെ വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ താരമാണ് ഇനിയ.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും പിന്നീട് ഇനിയ സജീവമായി. ശിവ രാജ്കുമാർ നായകനായ ദ്രോണ എന്ന കന്നട ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ഇനിയ അഭിനയിച്ചത്. ഇപ്പോൾ തന്റെ വസ്ത്ര സങ്കൽപ്പങ്ങളെ കുറിച്ച് മനസു തുറക്കുകയാണ് ഇനിയ.
ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇനിയ തന്റെ ഫാഷൻ സങ്കൽപ്പങ്ങൾ വെളിപ്പെടുത്തിയത്. സഹോദരി സ്വാതിയാണ് വേഷങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതെന്നാണ് ഇനിയ പറയുന്നത്.
വസ്ത്രധാരണത്തിൽ നിന്ന് ഒരാളുടെ സ്വഭാവം അറിയാമെന്ന് പറയുന്നതിൽ തനിക്ക് വിശ്വാസമില്ലെന്നും താരം പറഞ്ഞു. ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ലെന്നും അക്കാര്യങ്ങളൊക്കെ സഹോദരിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നുമാണ് ഇനിയ പറയുന്നത്.
കൂടുതൽ ഇണങ്ങുന്നത് സാരിയായതിനാൽ ഫംഗ്ഷനുകൾക്ക് പോകുമ്പോൾ സാരി തന്നെയാണ് കഴിവതും ധരിക്കുന്നത്. ലളിതമായ ഡിസൈനുള്ള ഷിഫോൺ സാരിയാണ് ഏറ്റവും ഇഷ്ടം. അതേസമയം യാത്രകളിൽ കാഷ്വൽസ് ജീൻസും ടോപ്പുമാണ് തെരഞ്ഞെടുക്കുക. മോഡലിങ്ങിലൂടെയാണ് ഇനിയ ചലച്ചിത്രരംഗത്തേക്കെത്തുന്നത്.