കോട്ടയം: കോട്ടയത്തുകാരെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികളുടെ ചുണ്ടിൽ തത്തിക്കളിച്ച് ഒരു പാട്ട് വൈറലായിരി ക്കുന്നു.
ബോറടിച്ചിരുന്നപ്പം കാറെടുത്തിറങ്ങി…കോട്ടയം വരെയൊരു പാട്ടിട്ടു പറന്നു…കുമരകം കായലി സമയം പാഞ്ഞകന്നു…ഇലവിഴാപ്പൂഞ്ചിറേ മലകണ്ടു നെറഞ്ഞു…
കോട്ടയത്തിന്റെ സവിശേഷതകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പേരുകളും കോർത്തിണക്കിയ അടിപൊളിപ്പാട്ട് ഇതിനോടകം അന്പതിനായിരത്തിലധികം പേരാണ് കണ്ടത്. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. കോട്ടയംകാരുടെ തനതു ക്ഷേമാന്വേഷമായ ‘എന്നാ ഒണ്ട്’ എന്ന ചോദ്യവും അതിനു മൂന്നു പേരുടെ മറുപടിയുമായാണു പാട്ടു തുടങ്ങുന്നത്.
തുടർന്നങ്ങോട്ട് വേറിട്ട താളവും വേഗവുമായി പാട്ടിൽ കോട്ടയം നിറയുന്നു. ജസ്റ്റിൻ പതാലിൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന പാട്ടിന് സംഗീതമൊരുക്കയിരിക്കുന്നത് രാജേഷ് എച്ച് നായരാണ്. കബിൽ ദാസ് ഒരുക്കിയ ദൃശ്യങ്ങളും തെന്നിന്ത്യയിലെ പുതുതലമുറ ഫിലിം എഡിറ്റർമാരിൽ ശ്രദ്ധേയനായ സഷി ക്യുമറുടെ മികവും കൂടിയായപ്പോൾ പാട്ട് ആഘോഷമായി മാറുകയായിരുന്നു.
മൂന്നര വയസുകാരൻ യോന്നാച്ചനും കോട്ടയത്തെ സ്ഥലനാമങ്ങൾ ഹൃദിസ്ഥമാക്കി റാപ്പ് വിരുന്നൊരുക്കിയ ലിയോയും റബറും കപ്പയും നഴ്സിംഗുമൊക്കെ പാടിയ ഡിവിനും കോട്ടയംകാരുടെ മനസു കീഴടക്കികഴിഞ്ഞു. ഇവർക്കൊപ്പം ഗ്ലാഡ്വിൻ, ജിബിൻ, മെർലിൻ തുടങ്ങിയവർ അഭിനച്ചിരിക്കുന്നു.
താൻ തിരക്കഥ എഴുതിയ ഒരു സിനിമയിൽ ഉപയോഗിക്കുന്നതിനായാണ് പാട്ടെഴുതിയതെന്ന് ജസ്റ്റിൻ പറയുന്നു. സിനിമ യാഥാർഥ്യമാകാതായപ്പോൾ പാട്ട് മാത്രമായി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ സ്ഥലങ്ങളുടെ പേരുകൾ കൂട്ടിച്ചേർക്കാനുള്ള ആശയം ഇംഗ്ലണ്ടിലുള്ള സഹോദരി മഞ്ജുവിന്റേതാണ്.
മലയാളം അക്ഷരമാലക്രമത്തിൽ സ്ഥലങ്ങൾകൂടി വന്നതോടെ പാട്ടിന്റെ മട്ടുമാറി. കോട്ടയം നഗരത്തിലെ പ്രധാന സ്ഥാപനങ്ങൾക്കും നിരത്തുകൾക്കുമൊപ്പം കോട്ടയത്തെ പ്രധാനപ്പെട്ട വഴിയോര വിനോദ സഞ്ചാര കേന്ദ്രമായ നാലുമണിക്കാറ്റും ചങ്ങനാശേരി-ആലപ്പുഴ റോഡരികിലെ കാഴ്ചകളും കാൾ മാക്സിന്റെ ശിൽപ്പമൊരുക്കുന്ന ശിൽപ്പിയും കുട്ടികളോടു കഥകൾ പറയുന്ന മുത്തശിയുമൊക്കെ വീഡിയോയിൽ മിന്നിമറയുന്നുണ്ട്.
നെടുംകുന്നം സ്വദേശിയാണ് ജസ്റ്റിൻ. ഹിന്ദി, തെലുങ്ക്, തമിഴ് മലയാളം ഭാഷകളിൽ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ള സഷി ക്യുമർ സിങ്കം-3 ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങളുടെ എഡിറ്ററെന്ന നിലയിലാണ് പേരെടുത്തത്.