മുപ്പത്തിയാറ് വര്ഷങ്ങള്ക്ക് മുന്പ് പ്രേക്ഷകര് ഏറ്റെടുത്ത ഒരു മികച്ച പ്രണയ സിനിമയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ.
തീയറ്ററുകളില് വിജയം കണ്ടില്ലെങ്കിലും സിനിമ പിന്നീട് മലയാളികള് ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ഫാസില് ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മധു മുട്ടത്തിന്റേതായിരുന്നു കഥ.
പുതുമുഖങ്ങളായിരുന്നു സിനിമയില് നായകതാരങ്ങളായി എത്തിയത്. മഞ്ഞില് വിരിഞ്ഞ പൂക്കള് എന്ന തന്റെ ആദ്യ സിനിമയ്ക്ക് ശേഷം പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ഫാസില് എടുത്ത ചിത്രം കൂടിയായിരുന്നു അത്.
കൈതപ്രം ഗാനരചയിതാവായി തുടക്കം കുറിച്ച സിനിമകൂടിയായിരുന്നു അത്. സിനിമയിലെ രാധിക എന്ന നായിക കഥാപാത്രത്തെ മലയാളികള് മറക്കാനിടയില്ല.
അന്നത്തെ യുവതലമുറയുടെ ഇഷ്ടം മുഴുവന് നേടിയെടുത്ത കഥാപാത്രമായിരുന്നു രാധികയുടേത്. സോണിയ ജി നായര് എന്ന നടിയാണ് രാധിക എന്ന കഥാപാത്രത്തെ സിനിമയില് അവതരിപ്പിച്ചത്.
സോണിയ നായികയാകുന്ന ആദ്യ സിനിമയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ഭാഗ്യലക്ഷ്മിയാണ് നടിക്ക് ശബ്ദം നല്കിയത്. കോട്ടയം ബിസിഎം കോളേജില് പ്രീഡിഗ്രി വിദ്യാര്ത്ഥിനി ആയിരിക്കുന്ന സമയത്താണ് നടി സിനിമയില് അഭിനയിക്കുന്നത്.
ബാലതാരമായി സോണിയ മുന്പ് മലയാളത്തില് അഭിനയിച്ചിരുന്നു. മനോരഥം, തീക്കടല്, ഞാനൊന്ന് പറയട്ടെ തുടങ്ങിയ സിനിമകളില് ബാലതാരമായി നടി അഭിനയിച്ചു.
ദൂരദര്ശനില് സംപ്രേക്ഷണം ചെയ്തിരുന്ന ശരറാന്തല് എന്ന സീരിയലിലും സോണിയ അഭിനയിച്ചു. പിന്നീടാണ് നടി നായികയായി സിനിമയില് എത്തുന്നത്.
എന്നാല് എന്നെന്നും കണ്ണേട്ടന്റെ സിനിമയ്ക്ക് ശേഷം സോണിയ അഭിനയരംഗത്തോട് ബൈ പറയുകയായിരുന്നു.
പഠനത്തില് ശ്രദ്ധ ചെലുത്താനാണ് സിനിമയില് നിന്ന് നടി മാറിനിന്നത്. ചെറുപ്പം മുതല് തന്നെ നൃത്തം അഭ്യസിച്ചിരുന്ന സോണിയ കോളേജ് പഠനക്കാലത്ത് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയില് കലാതിലകവും ആയിരുന്നു.
വിവാഹത്തിന് ശേഷം നടി ഭര്ത്താവിനൊപ്പം ഓസ്ട്രേലിയയില് പോവുകയായിരുന്നു. എന്നാല് നൃത്തം ഗൗരവമായി തുടരുകയും ചെയ്തു. അക്കാഡമി ഓഫ് പെര്ഫോമിംഗ് ആര്ടില് വെസ്റ്റേണ് ഓസ്ട്രേലിയയില് നിന്ന് പിഎച്ച്ഡി നേടുകയും ചെയ്തു സോണിയ.
ഇപ്പോള് നൃത്താധ്യാപിക കൂടിയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി. സോണിയയുടെ മകള് മാളവികയും നൃത്തരംഗത്ത് സജീവമാണ്. പാട്ടുകാരിയും കൂടിയാണ്. കുടുംബസമ്മേതം ഓസ്ട്രേലിയയിലെ പെര്ത്തിലാണ് താമസം.
രാധികയും കണ്ണേട്ടനായി സിനിമയില് തിളങ്ങിയത് സംഗീത് പിള്ള എന്ന നടനായിരുന്നു. സംഗീത് അഭിനയിച്ച ഒരേയൊരു സിനിമ കൂടിയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ.
ഗായകനും നടനുമായ കൃഷ്ണചന്ദ്രനാണ് സംഗീതിന് ശബ്ദം നല്കിയത്. യേശുദാസ് പാടി മനോഹരമാക്കിയ ‘ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം’ എന്ന ഗാനം സിനിമയില് പാടി അഭിനയിച്ചിരിക്കുന്നത് സംഗീത് ആണ്.
ആ ഗാനരംഗം മാത്രം മതി സംഗീതിനെ എന്നും മലയാളികള് ഓര്മ്മിക്കുവാന്. ഓസ്ട്രേലിയയില് പഠിക്കുന്ന സമയത്താണ് സംഗീത് സിനിമയില് അഭിനയിക്കുന്നത്.
സിനിമയില് അഭിനയിക്കുന്നതിന് വേണ്ടി മാതാപിതാക്കള്ക്കൊപ്പം ഓസ്ട്രേലിയയില് നിന്ന് വരികയായിരുന്നു.
ഓസ്ട്രേലിയയിലെ പഠനത്തിന് ശേഷം നിരവധി മള്ട്ടിനാഷണല് കമ്പനികളില് സംഗീത് ജോലി ചെയ്തു. വന്ദനയാണ് ഭാര്യ.
അര്ജ്ജുന്, അവിനാശ്, ലീല എന്നിവര് മക്കളാണ്. കുടുംബസമ്മേതം ന്യൂയോര്ക്കിലാണ് മലയാളികളുടെ സ്വന്തം കണ്ണേട്ടന് ഇപ്പോള് താമസിക്കുന്നത്.