വാഷിംഗ്ടൺ ഡിസി: ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജീവന്റെ അവശ്യഘടകമായ ഫോസ്ഫറസിന്റെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ജീവന് ആവശ്യമായ മറ്റ് അഞ്ചു മൂലകങ്ങളായ കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്സിജന്‍, സള്‍ഫര്‍ എന്നിവയുടെ അടയാളങ്ങള്‍ എന്‍സെലാഡസില്‍ മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.
നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ശനിയുടെ ഉപഗ്രഹത്തില്‍ ഫോസ്ഫറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്.
വളരെ സുപ്രധാനമായ കണ്ടെത്തലാണ് ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. എന്‍സെലാഡസില്‍ കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടും എന്‍സെലാഡസ് ശ്രദ്ധാകേന്ദ്രമാകുകയാണെന്നും ശാസ്ത്രജ്ഞയായ കരോലിന് പോര്‍കോ അഭിപ്രായപ്പെട്ടു.
ഭൂമിയിലെ ജീവന്റെ അവിഭാജ്യഘടകമാണ് ഫോസ്ഫറസ്. കാത്സ്യം കഴിഞ്ഞാല്‍ മനുഷ്യശരീരത്തില്‍ ഏറ്റവും സമൃദ്ധമായ രണ്ടാമത്തെ ധാതുവാണിത്, അസ്ഥികള്‍, പല്ലുകള്‍, കോശസ്തരങ്ങള്, ഡിഎന്‍എ എന്നിവയുടെ രൂപീകരണത്തിന് ഇതു പ്രധാനമാണ്. ഭൂമിയിലെ 550 വ്യത്യസ്ത ധാതുക്കളുടെ ഭാഗമാണ് ഈ മൂലകം. ഭൂമിയില്‍ ഏറ്റവും സമൃദ്ധമായ 12-ാമത്തെ മൂലകമാണിത്.
ശനിയെയും അതിന്റെ ഉപഗ്രഹങ്ങളെയും പര്യവേക്ഷണം ചെയ്യാന്‍ 13 വര്‍ഷം ചെലവഴിച്ച നാസയുടെ കാസിനി എന്ന ബഹിരാകാശ പേടകത്തില്‍നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്. 2017ലാണ് കാസിനിയുടെ ദൗത്യം അവസാനിച്ചത്.