പത്തനംതിട്ട: ഒരേ വേഷത്തിലെത്തിയ മന്ത്രിയും കളക്ടറും ഗാനമേള വേദിയില്‍ സദസിനെ കൈയിലെടുത്തു.
എന്റെ കേരളം പ്രദര്‍ശന നഗറില്‍ ഇന്നലെ രാത്രി നടന്ന ഗാനമേളയില്‍ വിധു പ്രതാപിനൊപ്പമാണ് മന്ത്രി വീണാ ജോര്‍ജും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരും ഗായകരായെത്തിയത്.
മന്ദാരച്ചെപ്പുണ്ടോ…. എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനമാണ് ഇവര്‍ ആലപിച്ചത്.
സ്കൂള്‍ കലോത്സവ വേദികളില്‍ മുമ്പ് തിളങ്ങിയിട്ടുള്ള മന്ത്രിയും കളക്ടറും ഗാനമേള ആസ്വദിക്കാന്‍ നേരത്തെ തന്നെ എത്തിയിരുന്നു.
മൂന്നു മിനിട്ടില്‍ ഇതാ നിങ്ങളുടെ രേഖാചിത്രം; ചന്ദ്രപ്രകാശിന് ആശംസയുമായി കളക്ടറും
പത്തനംതിട്ട: ഞൊടിയിടയില്‍ വ്യക്തികളുടെ ചിത്രം വരച്ചു നല്കി മേളയില്‍ തരംഗമായ ചന്ദ്രപ്രകാശ് എന്ന കലാകാരനെ കാണാന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ എത്തി.
സ്നേഹോപഹാരമായി കാരിക്കേച്ചര്‍ വരച്ചു നല്കി ചന്ദ്ര പ്രകാശ്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ ടൂറിസം വകുപ്പിലെ സ്റ്റാളിലാണ് ചന്ദ്രപ്രകാശ് ചിത്രരചന നടത്തിയത്.
വിവരം കേട്ടറിഞ്ഞ കളക്ടര്‍ മൂന്നു മിനിട്ട് അത്ഭുതം കാണാനാണ് നേരിട്ടെത്തിയത്. വ്യക്തികളുടെ ചിത്രം മിനിട്ടുകള്‍ക്കുള്ളില്‍ വരച്ചു നല്കുന്ന അത്ഭുത സൃഷ്ടി കണ്ടു നിന്ന കളക്ടറെ ചന്ദ്ര പ്രകാശ് പ്രത്യേകം ക്ഷണിച്ചാണ് കാരിക്കേച്ചര്‍ വരച്ചു നല്‍കിയത്. ചിത്രം എന്നും സൂക്ഷിച്ചു വയ്ക്കുമെന്ന് ചന്ദ്ര പ്രകാശിന് ഉറപ്പു നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്.