കാഞ്ഞിരപ്പള്ളി: വൈദികർക്കായുള്ള തിരുവസ്ത്ര ഡിസൈനിംഗിൽ കൈയൊപ്പ് ചാർത്തി ശ്രദ്ധേയയാവുകയാണ് വാഴൂർ സ്വദേശിനിയായ യുവസംരംഭക. സ്ത്രീകൾ അധികമൊന്നും കൈവയ്ക്കാത്ത മേഖലയിൽ വിജയക്കൊടി പാറിച്ചിരിക്കുന്നത് വാഴൂര്‍ ചെങ്കല്ലേല്‍ പള്ളി നാൽപതാംകളം റാണി ജയിംസാണ്. ലത്തീന്‍, സീറോ മലബാര്‍, യാക്കോബായ എന്നിങ്ങനെ ഏതു സഭകളിലെയും വൈദികര്ക്കാശ്യമായ തിരുവസ്ത്രങ്ങള്‍ ചെയ്തു നല്‍കും.
എംഎസ്ഡബ്ല്യു ബിരുദം നേടിയതിനുശേഷം കൗണ്‍സലിംഗ് ഡിപ്ലോമ കോഴ്സ് ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം. ഭര്‍ത്താവ് ജയിംസ് മെക്കാനിക്കല്‍ എൻജിനിയറായിരുന്നു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം എത്തിയ റാണി അവരുടെ കമ്പനി സന്ദര്‍ശിക്കാന്‍ ഇടയായി.
എംബ്രോയിഡറി ഡിസൈനിംഗിനുള്ള മെഷീനറികള്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തിയിരുന്ന കമ്പനിയായിരുന്നു അത്. പഠനകാലത്ത് എപ്പോഴോ കൂട്ടുകാര്‍ക്കും മറ്റുമായി ചെറിയ തുന്നല്വര്ക്കുകളും പെയിന്റിംഗുമൊക്കെ ചെയ്തുനല്‍കിയിരുന്നു. ആ ഒരു താത്പര്യം ഉള്ളിലുണ്ടായിരുന്നതിനാല്‍ ഭര്‍ത്താവിന്റെ കമ്പനി സന്ദര്‍ശിച്ചതോടെ കംപ്യൂട്ടറൈസ്ഡ് ഡിസൈനിംഗ് പഠിക്കണമെന്ന ആഗ്രഹം റാണിക്കുണ്ടായി. അങ്ങനെ ഭര്‍ത്താവിന്റെ കമ്പനിയില്‍ പോയി പരിശീലനം നേടി. റാണിയുടെ ആഗ്രഹത്തെ ജയിംസും പിന്തുണച്ചു.
സുരക്ഷിതമായ ജോലിയില്‍നിന്നു രാജിവച്ച് ജയിംസും റാണിയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് കണ്ണൂരില്‍ ഒരു ഡിസൈനിംഗ് യൂണിറ്റ് ആരംഭിച്ചു. ആദ്യത്തെ ഒരു വര്‍ഷം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. പിന്നീട് പതിയെ വിജയകരമായ സംരംഭത്തിലേക്ക് എത്തി. കണ്ണൂരിലെ യൂണിറ്റുമായി മുന്നോട്ട് പോകുമ്പോള്‍ റാണിയുടെ സഹോദരനായ വൈദികന് വഴിയാണ് കാപ്പയുടെ ഡിസൈനിംഗ് ഓര്‍ഡര്‍ ലഭിക്കുന്നത്. അങ്ങനെയാണ് വാഴൂരില്‍ ഫാബ് ഡിസൈനിംഗ് എന്ന പേരിൽ യൂണിറ്റ് ആരംഭിക്കുന്നത്.
പ്രൊഡക്ഷന്‍, ഡിസൈനിംഗ് എന്നീ കാര്യങ്ങള്‍ റാണിയും മെഷീൻ പ്രവര്‍ത്തനങ്ങള്‍ ജയിംസും ചെയ്യുന്നു. അസംസ്കൃത വസ്തുക്കള്‍ എടുക്കുന്നത് സൂററ്റ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുമാണ്. പഞ്ചാബ്, ആസാം, ഭോപ്പാല്‍, മുംബൈ എന്നിവിടങ്ങളില്‍നിന്നും തിരുവസ്ത്രങ്ങള്‍ക്ക് ഓര്ഡറുകളുണ്ടെന്നും റാണി പറഞ്ഞു.
ചാവറയച്ചന്, അല്‍ഫോന്‍സാമ്മ എന്നിവരെ വിശുദ്ധരാക്കിയ ചടങ്ങിൽ റോമിലേക്ക് 150 കാപ്പകള് ചെയ്തു നല്കിയതും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെയും കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന്റെയും മാർ തോമസ് തറയിലിന്റെയും സ്ഥാനാരോഹണ ചടങ്ങുകൾക്കുള്ള കാപ്പ ഡിസൈൻ ചെയ്തതും ഇവിടെയാണ്. പരിചയമുള്ള ഒരു വൈദികന് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാനായി പോയപ്പോള്‍ മാര്‍പാപ്പയ്ക്കായി ഊറാറ സമ്മാനമായി നല്‍കിയിരുന്നു.
റാണിയും റാണിയുടെ സംരംഭവും ചെയ്യുന്നത് ഒരു പ്രേഷിത പ്രവര്‍ത്തനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് മറക്കാനാവാത്ത അനുഭവമായി റാണി മനസിൽ സൂക്ഷിക്കുന്നു. മക്കൾ: അൽഫോൻസ ആൻ ജയിംസ്, അമല മരിയ ജയിംസ്, ആൽഫിൻ ജയിംസ്, ഈപ്പൻ ജയിംസ്.
ജോജി പേഴത്തുവയലിൽ