അടൂർ: അറബ് രാജ്യങ്ങളിൽ മാത്രം കണ്ടുവരാറുള്ള ഈന്തപ്പന സ്വർണവർണമണിഞ്ഞ് പൂത്തുലഞ്ഞ് നിൽക്കുന്നത് നാട്ടുകാർക്ക് കൗതുകമാകുന്നു. പഴകുളം ആലുംമൂട് ലീഗാർഡൻ വീട്ടിൽ ബിജുവിന്റെ വീട്ടിലാണ് ഈന്തപ്പനകൾ പൂത്തുലഞ്ഞ് നിൽക്കുന്നത്.
അടൂരിലെ സ്റ്റോൺ പാർക്ക് എന്ന സ്ഥാപനം രാജസ്ഥാനിൽ നിന്നും രണ്ട് വർഷം മുന്പ് എത്തിച്ച് നൽകിയ ഒരു വർഷം പ്രായമായ നാല് ഈന്തപ്പനകളിൽ ഒന്നാണ് നിറയെ കായ്കൾ പിടിച്ച് കിടക്കുന്നത്. കഴിഞ്ഞ വർഷം നാല് പനകളും ഒന്നിച്ച് പൂവിട്ടു എങ്കിലും പൂക്കൾ പൊഴിഞ്ഞ് പോയിരുന്നു. എന്നാൽ ഈ വർഷം പൂത്ത നാല് പനകളിൽ ഒന്നിലാണ് നിറയെ കായ്കൾ പിടിച്ച് വിളഞ്ഞ് കിടക്കുന്നത്. പൂക്കൾ വിരിഞ്ഞ് ഏകദേശം നാല് മാസം കഴിഞ്ഞാണ് ഇപ്പോൾ വിളവെടുക്കാൻ പാകമായിരിക്കുന്നത്.
ഇത്തവണ കേരളത്തിൽ അനുഭവപ്പെട്ട കടുത്ത ചൂടാണ് ഈന്തപ്പനകൾ കുലയ്ക്കാൻ കാരണമായതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. രാസവളം പാടെ ഒഴിവാക്കി ആട്ടിൻ കാഷ്ഠം, ചാണകം എന്നിവ നൽകിയും കൃത്യമായ ജലസേചനം നടത്തിയും ബിജുവിന്റെ പിതാവ് മുഹമ്മദ് ഹനീഫയാണ് പനകളെ പരിപാലിച്ച് വരുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നും പോലും അനേകമാൾക്കാർ ഈ അപൂർവ കാഴ്ച കാണാൻ ലീഗാർഡനിലേക്ക് എത്തുന്നുണ്ട്.